പാവം രോഗികളെ ഭീതിയിലാക്കി മെഡി.കോളേജിലെ കെട്ടിടങ്ങൾ

Wednesday 11 March 2026 2:20 AM IST

കോട്ടയം: പത്ത് വർഷത്തിനുള്ളിൽ 1150 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 8 മാസത്തിനിടെ കെട്ടിടം തകർന്നുണ്ടായത് ആറ് അപകടങ്ങളും രണ്ടു മരണവും. പുതിയ ബ്ലോക്കുകളുടെ ഉദ്ഘാടനം ഉൾപ്പെടെ കെങ്കേമമായി നടക്കുമ്പോഴാണ് ആശുപത്രിയ്ക്ക് നാണക്കേടായി അപകടങ്ങൾ. കവിഞ്ഞ ജനുവരി 28ന് കെട്ടിട ഭാഗങ്ങൾ ഇടിഞ്ഞു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്യ സംസ്ഥാന തൊഴിലാളി പിന്നീട് മരിച്ചിരുന്നു. കഴിഞ്ഞ ജൂലായ് മൂന്നിനാണ് ആശുപത്രിയുടെ പഴയ കെട്ടിടത്തിലെ 14ാം വാർഡിന്റെ ടോയ്‌ലെറ്റ് കെട്ടിട ഭാഗം ഇടിഞ്ഞു വീണ് തലയോപ്പറമ്പ് സ്വദേശിയായ ബിന്ദു മരിച്ചത്. അപകടത്തെത്തുടർന്ന് പ്രതിഷേധം ശക്തമാകുകയും സമീപ വാർഡുകളിലെ രോഗികളെ മാറ്റുകയും ചെയ്തിരുന്നു. ബിന്ദുവിന്റെ മരണത്തെത്തുടർന്ന് പൊളിച്ചു നീക്കാൻ തീരുമാനിച്ച പഴയ പതിനാലാം വാർഡ് അപകട ഭീഷണിയായി നിലനിൽക്കുകയാണ്. കെട്ടിടം പൊളിയ്ക്കാൻ ടെൻഡർ ക്ഷണിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല.

കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ: 1975, 78 കാലഘട്ടത്തിൽ നിർമിച്ച ജനറൽ മെഡിസൻ കെട്ടിടത്തിന്റെ എല്ലാ നിലകളുടെയും ഷെയ്ഡ് ദുർബലാവസ്ഥയിലാണ്. ഈ ബ്ലോക്കിൽ ഇപ്പോൾ ജനറൽ മെഡിസിൻ 2, 6,9 വാർഡുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത് ഉൾപ്പെടെ ആശുപത്രി കോമ്പൗണ്ടിൽ നിരവധി ഉപയോഗശൂന്യമായ കെട്ടിടങ്ങളാണ് അപകടഭീഷണിയുമായി നിൽക്കുന്നത്.

അടുത്ത കാലത്തെ അപകടങ്ങൾ

2025 ജൂലൈ 3 പഴയ സർജിക്കൽ ബ്ലോക്കിലെ ടോയ്‌ലെറ്റ് കെട്ടിടം തകർന്ന് തലയോലപ്പറമ്പ് ഉമാംകുന്ന് മേപ്പാട്ടുകുന്നേൽ ഡി.ബിന്ദു (52) മരിച്ചു.

2025 സെപ്തംബർ 18 - മെഡിസിൻ ബ്ലോക്ക് മൂന്നാം വാർഡ് വരാന്തയിൽ കിടന്നുറങ്ങിയിരുന്ന സ്ത്രീയുടെ ദേഹത്തേയ്ക്ക് മേൽത്തട്ടിലെ സിമന്റ് പാളി അടർന്ന് വീണ് പരിക്ക്.

2025 സെപ്തംബർ 31 മെഡിസിൻ ബ്ലോക്കിലെ ന്യൂറോ സർജറി വിഭാഗത്തിന് സമീപമുള്ള പടിക്കെട്ടിന്റെ മുകളിലെ സിമന്റ് പാളി അടർന്നു വീണു പത്തനംതിട്ട സ്വദേശിക്ക് പരിക്ക്.

2025 ഡിസംബർ 23 ഒ.പി ബ്ലോക്കിലെ ഇ.എൻ.ടി 18ാം വാർഡിലെ ടൈലുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു,രോഗികളെ മാറ്റി.

2026 ജനുവരി 28 ജനറൽ മെഡിസിൻ ബ്ലോക്കിലെ അപകടാവസ്ഥയിലായ സൺ ഷേയ്ഡ് അടർന്നു വീണ് പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു.