ബൈക്ക് കൊണ്ട് പൊലീസ് ജീപ്പിൽ വന്നിടിച്ച ശേഷം: സി.പി.ഒയെ മർദ്ദിച്ച പ്രതികൾ പിടിയിൽ

Wednesday 11 March 2026 2:43 AM IST

നെയ്യാറ്റിൻകര: അപകടകരമായി ബൈക്ക് ഓടിച്ച് പൊലീസ് ജീപ്പിന് പിന്നിൽ ഇടിച്ചശേഷം,സി.പി.ഒയെ മർദ്ദിച്ച പ്രതികളെ പിടികൂടി. മാരായമുട്ടം കാവിൻപുറത്ത് വീട്ടിൽ ജിത്തു (26),പുന്നക്കാട് തെങ്ങുവിളാകത്ത് പുത്തൻവീട്ടിൽ വിഘ്നേഷ് (21) എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്.തിങ്കാഴ്ച വൈകിട്ട് 5.30ന് നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷൻ സമീപമായിരുന്നു സംഭവം.

ലഹരി ഉപയോഗിച്ച് ഹെൽമെറ്റ് പോലും ധരിക്കാതെ അമിതവേഗതയിലാണ് ഇവർ ബൈക്കിൽ സഞ്ചരിച്ചത്.108 ആംബുലൻസിന് സൈഡ് കൊടുക്കാതെ വരുന്നതിനിടെയാണ്,പട്രോളിംഗിന് നിന്ന പൊലീസ് ജീപ്പിന് പുറകിൽ ബൈക്ക് കൊണ്ടിടിച്ചത്.തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ അജിത്ത്,നിധിൻ എന്നിവർ ചേർന്ന് തടഞ്ഞുനിറുത്തി.തുടർന്ന് പ്രതികൾ 'നീ ആരാടാ,ഞങ്ങളെ തടഞ്ഞ് നിറുത്താനെന്ന് ചോദിച്ച്...' സി.പി.ഒ നിധിനെ മർദ്ദിക്കുകയായിരുന്നു.തുടർന്ന് സി.ഐ പ്രകാശ്,എസ്.ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് പ്രതികളെ കീഴടക്കിയത്.ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.