അമേരിക്കയിൽ കാലുറപ്പിച്ച് റിലയൻസ്: നടത്തുന്നത് 300 ബില്യൺ ഡോളറിന്റെ നിക്ഷേപം, പ്രഖ്യാപനം ട്രംപിന്റേത്

Wednesday 11 March 2026 10:22 AM IST

ന്യൂഡൽഹി: അമേരിക്കയിലെ എണ്ണശുദ്ധീകരണ മേഖലയിൽ കോടികളുടെ നിക്ഷേപവുമായി റിലയൻസ് ഇൻഡസ്ട്രീസ്. 300 ബില്യൺ ഡോളറിന്റെ (ഏകദേശം 27.5 ലക്ഷം കോടി രൂപ ) നിക്ഷേപമാണ് റിലയൻസ് നടത്തുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപമാണ് ഇതെന്നാണ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയതെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ റിലയൻസ് തയ്യാറായിട്ടില്ല. പ്രധാന ഗോൾഫ് കോസ്​റ്റ് ഷിപ്പിംഗ് ഹബ്ബായ ടെക്സാസിലെ പോർട്ട് ഓഫ് ബ്രൗൺസ്വിലാണ് റിഫൈനറി സ്ഥാപിക്കുന്നത്.

'അമേരിക്ക യഥാർത്ഥ ഊർജ ആധിപത്യത്തിലേക്ക് തിരിച്ചുവരുന്നു. അമേരിക്ക ഫസ്​റ്റ് റിഫൈനിംഗ് ടെക്സസിലെ ബ്രൗൺസ്വിലയിൽ 50 വർഷത്തിനുള്ളിൽ ആദ്യത്തെ പുതിയ യുഎസ് എണ്ണ ശുദ്ധീകരണശാല തുറക്കുന്നുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഇത് ചരിത്രപരമായ, 300 ബില്യൺ ഡോളറിന്റെ ഇടപാടാണ് . യുഎസ് ചരിത്രത്തിലെ ഏ​റ്റവും വലിയ ഇടപാട്. ഈ വമ്പിച്ച നിക്ഷേപത്തിന് ഇന്ത്യയിലെ ഞങ്ങളുടെ പങ്കാളികൾക്കും അവരുടെ ഏ​റ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള എനർജി കമ്പനിയായ റിലയൻസിനും നന്ദി' - ട്രംപ് കുറിച്ചു.

ഊർജ ഉല്പാദനം കൂട്ടുക, ദേശീയ സുരക്ഷ ശക്തമാക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ലോകത്തിലെ ഏ​റ്റവും മികച്ച സംസ്‌കരണ ശാലയായിരിക്കും ഇതെന്നാണ് അവകാശവാദം.അമേരിക്ക ഫസ്​റ്റ് റിഫൈനറി, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിക്ക് അമേരിക്കയുടെ സമ്പദ് വ്യവസ്ഥയിലും ആഗോള ഊർജ വിപണിയിലും വൻ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ആഭ്യന്തര വിപണിയിൽ ആവശ്യമായ ഇന്ധനം എത്തിക്കുന്നതിലൂടെ യുഎസിന് ഊർജ സ്വയം പര്യാപ്തത കൈവരിക്കാനാകും. അതോടൊപ്പം വൻതോതിൽ കയ​റ്റുമതിയും ലക്ഷ്യമിടുന്നു.

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്ന വേളയിലാണ് പുതിയ വാർത്ത പുറത്തുവരുന്നത്. ലോകത്തിലെ എണ്ണസമ്പത്ത് മുഴുവൻ തങ്ങളുടെ നിന്ത്രണത്തിലാക്കാനുളള കഠിന പ്രയത്നത്തിലാണ് അമേരിക്ക. ഇതിനുവേണ്ടിയാണ് വെനസ്വേലയിൽ കടന്നുകയറി ഭരണാധികാരിയെ അറസ്റ്റുചെയ്തതെന്നും ഇറാനെ കീഴടക്കാൻ ഒരുങ്ങുന്നതെന്നുമാണ് റിപ്പോർട്ട്.