യാത്രക്കാരെ പ്രൗഢോജ്ജ്വലമായി സ്വീകരിക്കാൻ അന്ന് ചെയ്ത കാര്യം; മുംബയിലെ വിമാനത്താവളത്തിലെ പുതിയ മാറ്റം ചർച്ചയാകുന്നു

Wednesday 11 March 2026 11:28 AM IST

രാജ്യത്തെ ഏ​റ്റവും പ്രശസ്തവും തിരക്കേറിയതുമായ വിമാനത്താവളങ്ങളിലൊന്നാണ് മുംബയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം. വർഷങ്ങളായി ഇവിടെ എത്തുന്ന യാത്രക്കാരെ വരവേൽക്കുന്നതിനായി സജീകരിച്ച ഒന്നായിരുന്നു ചുവന്ന പരവതാനി. സോഷ്യൽ മീഡിയയിൽ പലരും പരവതാനിയുടെ പ്രത്യേകതകൾ നേരത്തെ പങ്കുവയ്ക്കുമായിരുന്നു. വിമാനത്താവളത്തിന്റെ ടെർമിനൽ രണ്ടിലാണ് 400,000 ചതുരശ്രമീറ്ററിൽ വിശാലമായ രീതിയിൽ പരവതാനി വിരിച്ചിരുന്നത്.

യാത്രകാർക്ക് സുഗമമായ രീതിയിൽ നടപ്പാത ഒരുക്കുകയെന്നതിലുപരി നഗരത്തിലേക്ക് രാജകീയമായും അത്യാഡംബരമായ രീതിയിൽ സ്വാഗതം ചെയ്യുക എന്ന ലക്ഷ്യവുമായിരുന്നു ഇതിനുപിന്നിലുണ്ടായിരുന്നത്. എന്നാലിപ്പോൾ പരവതാനി ടെർമിനൽ രണ്ടിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. വിമാനത്താളത്തിന് പരവതാനി രാജകീയമായ പ്രൗഢി നൽകുമെങ്കിലും അത് കൃത്യമായ രീതിയിൽ നിലനിർത്താൻ ബുദ്ധിമുട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. യാത്രക്കാർ നിരന്തരം നടക്കുന്നതിലൂടെ മലിനമാകാറുണ്ടെന്നും അവ വൃത്തിയാക്കുന്നത് വെല്ലുവിളി നിറഞ്ഞതുമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ വിമാനത്താവളത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. യാത്രക്കാർ പരവതാനി നീക്കം ചെയ്ത ഭാഗത്ത് നടക്കുന്നതായിരുന്നു കാഴ്ച. ഇത് ആദ്യം കാണുന്നവർക്ക് യാതൊരു അസ്വഭാവികതയും തോന്നില്ല. പക്ഷെ വിമാനത്താവളത്തിൽ വർഷങ്ങളായി എത്തുന്നവർക്ക് പെട്ടെന്നുമനസിലാകുമെന്നാണ് വീഡിയോയിൽ പരാമർശിച്ചിരിക്കുന്നത്. പരവതാനിയിലൂടെ വലിയ ട്രോളികൾ കൊണ്ടുപോകുന്നത് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. കൂടുതൽപേരും അധികൃതരുടെ തീരുമാനത്തെ അഭിനന്ദിച്ചിരിക്കുകയാണ്.

അതേസമയം, സെലിബ്രി​റ്റി ഷെഫ് വികാസ് ഖന്ന വിമാനത്താവളത്തിലെ പരവതാനി ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് നേരത്തെ ഉന്നയിച്ചിരുന്നു. പരവതാനിയിൽ നല്ല രീതിയിൽ പൊടിയുണ്ടെന്നും അവ യാത്രക്കാർക്ക് അലർജി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും പറഞ്ഞിരുന്നു.