ഫോൺ കവറിൽ പണം സൂക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; എട്ടിന്റെ പണി വരുന്നുണ്ട്
മൊബെെൽ ഫോൺ ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്. എല്ലാ സ്ഥലത്തും ഫോൺ കൊണ്ടുപോകുന്നതിനാൽ അതിന്റെ കവറിൽ പണവും പാസ്‌പോർട്ട് സെെസ് ഫോട്ടോയും എടിഎം കാർഡും സൂക്ഷിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇത് വലിയ അപകടമാണെന്നാണ് വിദഗ്ധർ പറയുന്നത്.
ഫോൺ ഉപയോഗിക്കുമ്പോൾ സ്വാഭാവികമായും ചൂടാവാറുണ്ട്. ഇത് തടയാൻ ഫോൺ കവർ സഹായിക്കുന്നു. എന്നാൽ ഇതിനിടെ നോട്ട്, കാർഡ്, ഫോട്ടോ എന്നിവ വയ്ക്കുമ്പോൾ താപനില കൂടുമെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. പ്രത്യേകിച്ചും ഫോണിൽ ഗെയിം കളിക്കുമ്പോൾ. അമിതമായ ചൂട് ഫോണിന്റെ പെർഫോമൻസിനെ തന്നെ ബാധിക്കാൻ സാദ്ധ്യതയുണ്ട്. കൂടാതെ അമിതമായ ചൂട് ഫോൺ ബാറ്ററിയുടെ ആയൂസ് പകുതിയായി കുറയ്ക്കുന്നു. ദീർഘനേരം ചൂടായി നിൽക്കുന്നതുമൂലം ഫോണിന്റെ ബാറ്ററി പെട്ടെന്ന് വീർക്കാനും ചാർജ് വേഗത്തിൽ തീരാനും ഇടയാക്കും. പ്രത്യേകിച്ച് വേനൽ കാലത്ത് ഫോൺ ചൂടാവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
മാത്രമല്ല കവറിനുള്ളിൽ വയ്ക്കുന്ന നോട്ടുകൾ ഫോണിന്റെ ആന്റിനലെെനുകളെയും സെൻസറുകളെയും മറയ്ക്കാൻ സാദ്ധ്യതയുണ്ട്. ഇത് ഇന്റർനെറ്റ് വേഗത കുറയ്ക്കാനും റേഞ്ച് പ്രശ്നങ്ങൾക്കും കാരണമാകാം. കൂടാതെ പല ഫോണുകളിലെയും സെൻസറുകൾ നോട്ടുകൾ വയ്ക്കുമ്പോൾ മറഞ്ഞുപോകാൻ സാദ്ധ്യതയുണ്ട്. ഇത് ഫോണിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. അതിനാൽ ഫോണിൽ നോട്ടുകളും മറ്റും സൂക്ഷിക്കുന്നുണ്ടെങ്കിൽ ഇന്നും തന്നെ അവ ഒഴിവാക്കുക.