ഗ്രാമങ്ങളിൽ ലില്ലിപ്പൂ വസന്തം

Thursday 12 March 2026 1:43 AM IST

കല്ലറ: ഗ്രാമങ്ങളിൽ ഇത് ലില്ലിപ്പൂവിൻ കാലം.വേനൽ മഴ ലഭിച്ചതോടെയാണ് മലയോരമേഖലയിൽ ലില്ലിപ്പൂക്കൾ കൂട്ടത്തോടെ വിരിഞ്ഞത്.മലയോര മേഖലയിലെ ജനവാസ പ്രദേശത്താണ് ഇപ്പോൾ ഇവ കൂടുതലായും കാണപ്പെടുക.

ചുവപ്പും ഓറഞ്ചും കലർന്ന വീതിയുള്ള ഏഴ് ഇതളുകളാണ് ലില്ലിപ്പൂവിന്റെ ആകർഷണം.മലയോര മേഖലയിൽ കണ്ടുവരുന്ന ലില്ലിപ്പൂക്കൾ ഈസ്റ്റർ ലില്ലിപ്പൂക്കൾ എന്നും അറിയപ്പെടുന്നു.വിദേശ ഇനത്തിൽപ്പെട്ട സസ്യമാണിത്.ദക്ഷിണ അമേരിക്കയിലെ ഉഷ്ണമേഖല പ്രദേശങ്ങളാണ് ഇവയുടെ സ്വദേശം. ബാർബഡോസ് ലില്ലി,കൊക്കോവ ലില്ലി എന്നിങ്ങനെയും അറിയപ്പെടുന്നു.

ഉള്ളിയുടേത് പോലുള്ള വിത്താണ് ലില്ലിച്ചെടിക്ക്.ഇതിൽ നിന്ന് മുളച്ചുവരുന്ന കുഴലാകൃതിയിലുള്ള തണ്ടുകളിലാണ് പൂവ് ഉണ്ടാകുന്നത്.ഓരോ തണ്ടിലും രണ്ട് പൂക്കൾ വീതം വിരിയും.അലങ്കാരച്ചെടിയായും ലില്ലിയെ വീടുകളിൽ നട്ടുവളർത്തുന്നുണ്ട്.മാർച്ച്,ഏപ്രിൽ മാസങ്ങളിലാണ് ഇവ കൂടുതലായി വിരിയുന്നത്.വേനൽക്കാലത്ത് മണ്ണിനടിയിലുള്ള ഇവയുടെ വിത്തുകൾ വേനൽമഴ പെയ്യുന്നതോടെ കിളിർത്ത് പൂക്കൾ കൊണ്ട് നിറയും.