മൊബൈൽ ഇ ഹെൽത്ത് ആപ്ലിക്കേഷൻ ആരോഗ്യത്തെ അറിയാം..., എല്ലാം ഈ വിരൽത്തുമ്പിൽ

Wednesday 11 March 2026 7:56 PM IST

കോട്ടയം: ജില്ലയിൽ എം.ഇ ഹെൽത്ത് (മൊബൈൽ ഇ ഹെൽത്ത്) ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരുടെ എണ്ണം വൻവർദ്ധനവ്. ആരോഗ്യവകുപ്പിന്റെ ഇ ഹെൽത്ത് സംവിധാനം പരിഷ്‌കരിച്ച് മൊബൈൽ ആപ്ലിക്കേഷനാക്കി അവതരിപ്പിച്ചിരിക്കുന്നതാണ് എം.ഇ ഹെൽത്ത്. സർക്കാർ ആശുപത്രികളിൽ ലഭ്യമായ സ്‌പെഷ്യാലിറ്റി ഉൾപ്പടെയുള്ള സേവനങ്ങൾ, ലാബ് പരിശോധനകൾ, അവയുടെ നിരക്കുകൾ തുടങ്ങിയവ അറിയാനാകും.

69 ആശുപത്രികൾ ജില്ലയിൽ മെഡിക്കൽ കോളേജ്, ജില്ലാ ജനറൽ ആശുപത്രികൾ ഉൾപ്പെടെ പ്രധാനപ്പെട്ട 69 ആശുപത്രികളാണ് എം.ഇ ഹെൽത്ത് സംവിധാനത്തിലുള്ളത്. ഇ ഹെൽത്ത് സേവനം ലഭ്യമായിരുന്ന എല്ലാ ആശുപത്രികളിലും എം.ഇ ഹെൽത്ത് ആപ്ലിക്കേഷന്റെ സേവനവും ലഭിക്കും. മുൻകൂട്ടി ഡോക്ടറെ കാണുന്നതിനും ഉപകരിക്കും.

സേവനങ്ങൾ ഇങ്ങനെ എം.ഇ ഹെൽത്ത് എന്ന മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഫോൺ നമ്പരും ഒ.ടി.പിയും നൽകി ലോഗിൻ ചെയ്യുക. ആധാർ നമ്പർ നൽകി യുണീക്ക് ഹെൽത്ത് ഐ.ഡി സൃഷ്ടിച്ചാൽ ഈ ആപ്പിലൂടെ തന്നെ ഓൺലൈനായി ഒ.പി ടിക്കറ്റും ഡോക്ടറെ കാണുന്നതിനുള്ള അനുമതി എടുക്കാൻ സാധിക്കും. ആശുപത്രിയിലേക്കുള്ള ദൂരവും റൂട്ടും കൃത്യമായി ഈ ആപ്പ് കാണിച്ച് തരും.

ഫൈന്റ് സർവീസസ് തൊട്ടടുത്തുള്ള ആംബുലൻസ്, ബ്ലഡ് ബാങ്ക്, ലബോറട്ടറി, പേ വാർഡ്, റേഡിയോളജി എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയാൻ ഫൈന്റ് സർവീസസ് ക്ലിക് ചെയ്താൽ മതി. ഫൈന്റ് ജെ.എ.കെ എന്ന ഓപ്ഷനിൽ ക്ലിക് ചെയ്താൽ തൊട്ടടുത്തുള്ള ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ അറിയാനാകും.