അതിരൂക്ഷമാകുന്ന എൽ.പി.ജി ക്ഷാമം

Thursday 12 March 2026 12:30 AM IST

യുദ്ധം കാരണം പശ്ചിമേഷ്യയിൽ നിന്നുള്ള ഇന്ധന വിതരണം തടസപ്പെട്ടതോടെ രാജ്യത്തൊട്ടാകെ പാചക വാതക ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ വാണിജ്യ, ഗാർഹിക സിലിണ്ടറുകൾക്ക് കടുത്ത നിയന്ത്രണവും വിലക്കയറ്റവും ഏർപ്പെടുത്തിയിരിക്കുന്നു. പാചകവാതക ക്ഷാമം കണക്കിലെടുത്ത് സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള നിർബന്ധമാക്കിയതാണ് പലരെയും വലയ്ക്കുന്നത്. നേരത്തേ 15 ദിവസത്തെ ഇടവേളയാണ് പറഞ്ഞിരുന്നതെങ്കിലും,​ ഒരു സിലിണ്ടർ കിട്ടിയതിനുശേഷം രണ്ടാം സിലിണ്ടർ ബുക്ക് ചെയ്താലും രണ്ട് ദിവസത്തിനുള്ളിൽ കിട്ടുമായിരുന്നു. ബുക്ക് ചെയ്യാൻ മറന്നുപോയവരാണ് കൂടുതൽ വെട്ടിലായിരിക്കുന്നത്. 25 ദിവസം കഴിഞ്ഞേ കിട്ടൂ എന്നാണ്, വിളിച്ചു ചോദിക്കുന്നവരോട് ഏജൻസിക്കാർ പറയുന്നത്. യുദ്ധം തുടരുകയാണെങ്കിൽ 25 ദിവസം കഴിഞ്ഞും ഗ്യാസ് കിട്ടുമോ എന്നത് കണ്ടുതന്നെ അറിയണം.

എന്നാൽ, കേന്ദ്രം പറഞ്ഞത് ഇന്ത്യയ്ക്ക് രണ്ടു മാസത്തേക്ക് ആവശ്യമായ പാചകവാതകവും പെട്രോളും ഡീസലും ഉൾപ്പെടെയുള്ള മറ്റ് ഇന്ധനങ്ങളും സ്റ്റോക്ക് ഉണ്ടെന്നാണ്. അങ്ങനെയാണെങ്കിൽ ഈ കടുത്ത നിയന്ത്രണം തുടക്കത്തിൽത്തന്നെ ഏർപ്പെടുത്തി ഉപഭോക്താക്കളെ വലയ്ക്കണമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഇപ്പോൾ എല്ലാവരും പാചകത്തിന് ഗ്യാസിനെയാണ് ആശ്രയിക്കുന്നത്. പാചക വാതകം കിട്ടാതായാൽ ഗ്രാമങ്ങളിലുള്ളവർക്ക് താത്‌കാലികമായി വിറകടുപ്പിലേക്ക് മാറാം. എന്നാൽ നഗരത്തിലുള്ളവർക്ക് ഗ്യാസിനെ ആശ്രയിക്കുകയല്ലാതെ മാർഗമൊന്നുമില്ല. എൽ.പി.ജി അനുവദിക്കുന്നതിൽ ഇപ്പോൾ പ്രത്യേക പരിഗണന ആർക്കും നൽകുന്നില്ല. അതു ശരിയല്ല. കുട്ടികളുടെയും വൃദ്ധരുടെയും എണ്ണം കൂടുതലുള്ളവർ അതിന്റെ തെളിവുകൾ ഹാജരാക്കിയാൽ പ്രത്യേക പരിഗണന നൽകേണ്ടതാണ്. വാണിജ്യ സിലിണ്ടർ ക്ഷാമം പല ഹോട്ടലുകളുടെയും റസ്റ്റോറന്റുകളുടെയും പ്രവർത്തനം തന്നെ അവതാളത്തിലാക്കിയിട്ടുണ്ട്. സ്ഥിതി തുടർന്നാൽ പല ഹോട്ടലുകളും അടച്ചിടേണ്ടി വരുമെന്നാണ് ഹോട്ടലുടമകളുടെ അസോസിയേഷൻ പറയുന്നത്.

യുദ്ധം തുടങ്ങിയതിനുശേഷം ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയുമാണ് വർദ്ധിപ്പിച്ചത്. യുദ്ധം തുടരുകയാണെങ്കിൽ വില ഇനിയും ഉയരുമെന്ന അഭ്യൂഹങ്ങളുമുണ്ട്. സബ്‌സിഡി ഒഴിവാക്കിയ ഗ്യാസ് സിലിണ്ടറുകൾ ഇപ്പോൾത്തന്നെ നല്ല വിലകൊടുത്താണ് ഉപഭോക്താക്കൾ വാങ്ങുന്നത്. എൽ.പി.ജി ഉത്‌പാദനം 10 ശതമാനം വർദ്ധിപ്പിക്കാൻ റിഫൈനറികൾക്കും എണ്ണക്കമ്പനികൾക്കും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും അതിന്റെയൊന്നും ഒരു ചലനവും വിപണിയിൽ കാണാനില്ല. സിലിണ്ടറുകൾ പൂഴ്‌‌ത്തിവച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിതരണത്തിൽ ഷോർട്ടേജ് ഇല്ലെന്നാണ് കമ്പനി പ്രതിനിധികൾ പറയുന്നതെങ്കിലും,​ ഉപഭോക്താക്കളോട് ഏജൻസിക്കാർ പറയുന്നത്, ഷോർട്ടേജ് കാരണമാണ് നിയന്ത്രണമെന്നാണ്.

ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെയാണ് എണ്ണ പ്രതിസന്ധി രൂക്ഷമായത്. ഈ പാത അടഞ്ഞതോടെ ഗൾഫ് രാജ്യങ്ങൾ എണ്ണ ഉത്‌പാദനം വെട്ടിക്കുറയ്ക്കുകയും ചെയ്തു. യുദ്ധം നീണ്ടുപോകുമെന്ന് പറയുന്ന അമേരിക്കയെ ഇന്ധന പ്രതിസന്ധിയൊന്നും ബാധിക്കില്ല. ഗൾഫിൽ നിന്നുള്ള ഇന്ധനത്തെ പ്രധാനമായും ആശ്രയിക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെയാണ് പ്രതിസന്ധി ഏറ്റവും വലയ്ക്കാൻ പോകുന്നത്. ഗ്യാസ് ഉപയോഗിക്കുന്നതിൽ ചില സ്വയം നിയന്ത്രണങ്ങൾക്ക് പൊതുജനങ്ങളും തയ്യാറാകേണ്ടതാണ്. മറ്റു രാജ്യങ്ങളിൽ നിന്ന് എണ്ണ സംഭരിക്കാനുള്ള നീക്കങ്ങൾ എണ്ണക്കമ്പനികൾ ത്വരിതപ്പെടുത്തേണ്ടിയിരിക്കുന്നു. രൂക്ഷമായാൽ രാജ്യത്ത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നം തന്നെയാണ് ഇന്ധന പ്രതിസന്ധി. അതിനാൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കരുതലോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്യേണ്ട വിഷയമാണിത്.

പി