ക്യാമ്പസിലേക്ക് ഒരു സൂപ്പർ റോഡ്, വിദ്യാർത്ഥികൾ വക

Thursday 12 March 2026 12:20 AM IST

മുട്ടം: ഗവ. പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച കോൺഗ്രീറ്റ് പേവർ ബ്ലോക്ക് ഉപയോഗിച്ചുള്ള റോഡും കോണിപ്പടികളും ഉദ്ഘാടനം ചെയ്തു. ക്യാമ്പസിന്റെ മുൻഭാഗത്ത് വർഷങ്ങളായി കാട് പിടിച്ച് ഉപയോഗ ശൂന്യമായി കിടന്നിരുന്ന സ്ഥലം വെട്ടിത്തെളിച്ച് അവസാന വർഷ സിവിൽ എൻജിനീയറിങ്ങ് വിദ്യാർത്ഥികളാണ് നിർമ്മാണ പ്രവർത്തികൾ നടത്തിയത്. ഇതിനോട് ചേർന്നാണ് കോൺക്രീറ്റ് ചെയ്ത് മനോഹരമാക്കിയ റോഡും നിർമ്മിച്ചിട്ടുള്ളത്. എളുപ്പത്തിൽ പ്രവേശിക്കാനായി പടികളും മഴവെള്ളം സുരക്ഷിതമായി ഒഴുകുന്നതിനുള്ള ചാലുകളും നിർമ്മിച്ചിട്ടുണ്ട്.

വിവിധ സർക്കാർ പദ്ധതികളുടെ കോൺക്രീറ്റ് ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി ടെസ്റ്റിംഗിനായി കൊണ്ടുവന്ന കോൺക്രീറ്റ് ക്യൂബുകളുടെ അവശിഷ്ടങ്ങളാണ് ചാലുകളുടെ നിർമ്മാണത്തിൽ ഉപയോഗിച്ചത്. അടുത്ത ഘട്ടത്തിൽ ജൈവ വൈവദ്ധ്യ ബോർഡുമായി സഹകരിച്ച് മുളങ്കാടുകളും ഓഷധ സസ്യ വനവൽക്കരണവും സജ്ജമാക്കും. കോളേജ് സെമിനാർ ഹാളിൽ നടന്ന യോഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി എം. രാജേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ സുനിൽകുമാർ പി.എം അദ്ധ്യക്ഷത വഹിച്ചു. നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ അനി എബ്രഹാം നിർവഹിച്ചു. പ്രധാന കെട്ടിടത്തിനോട് അനുബന്ധിച്ച് സ്ഥാപിച്ച ഇടനാഴിയുടെ ഉദ്ഘാടനം സ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടീച്ചേഴ്സ് ട്രെയിനിംഗ് ആൻഡ് റിസർച്ച് സെന്റർ ജോയിന്റ് ഡയറക്ടർ സിനിമോൾ കെ.ജിയും സിവിൽ എൻജിനീയറിംഗ് അസോസിയേഷന്റെ സാങ്കേതിക മാഗസിൻ റീജിയണൽ ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എജ്യക്കേഷൻ ജോയിന്റ് ഡയറക്ടർ സജിന കെ പൗലോസും പ്രകാശനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ജയേഷ് പി.ജി, വിവിധ വകുപ്പ് മേധാവികൾ, അദ്ധ്യാപകർ, എൻ.സി.സി കോർഡിനേറ്റർ, എൻ.എസ്.എസ് കോർഡിനേറ്റർ, കോളജ് യൂണിയൻ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. സിവിൽ എൻജിനീയറിംഗ് വിഭാഗം മേധാവി സെലിൻ ഭാസ്‌കറിന്റെ മാർഗനിർദ്ദേശത്തിലും അദ്ധ്യാപകരുടെ പിന്തുണയിലുമാണ് വിദ്യാർത്ഥികൾ നിർമ്മാണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചത്. നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളായ അളവെടുപ്പ്, ഡിസൈൻ, ലെവലിംഗ്, പേവർ ബ്ലോക്ക് വിരിപ്പ് തുടങ്ങിയ എല്ലാ പ്രവർത്തികളും വിദ്യാർത്ഥികളാണ് ചെയ്തത്.