വിദ്യാർത്ഥിയുടെ ആത്മഹത്യ; നവോദയ വിദ്യാലയത്തിനു മുന്നിൽ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ

Thursday 12 March 2026 12:58 AM IST

ചെന്നിത്തല: പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിലേക്ക് കെ.എസ്.യു, എസ്.എഫ്.ഐ വിദ്യാർത്ഥി സംഘടനകൾ മാർച്ച് നടത്തി. രാവിലെ സ്കൂളിലേക്ക് കയറാൻ ശ്രമിച്ച സംഘടനകളെ പൊലീസ് തടഞ്ഞതിനെ തുടർന്ന് ഉന്തും തള്ളുമുണ്ടായി. സ്കൂളിൽ നിന്നുണ്ടാകുന്ന മാനസിക പീഡനമാണ് കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നും കുട്ടികൾക്ക് വിദഗ്ദ്ധ കൗൺസിലിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പിലാക്കുമെന്ന സ്കൂൾ മാനേജ്മെന്റ് മുമ്പ് നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും കെ.എസ്.യു ആരോപിച്ചു. എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം തടയാൻ ശ്രമിച്ച പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തിവീശിയെങ്കിലും സ്കൂളിനുള്ളിലേക്ക് കടന്ന പ്രതിഷേധക്കാർ സ്കൂളിന്റെ പ്രധാന കവാടത്തിൽ കുത്തിയിരുന്ന് ധർണ നടത്തി. സ്കൂളിൽ നടക്കുന്ന പീഡനങ്ങളുടെ വീഡിയോ ദൃശ്യം ഉൾപ്പെടെ കാണിച്ചുകൊണ്ടാണ് സമരക്കാർ പ്രതിഷേധിച്ചത്. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. സ്കൂൾ അധികൃതർ വിദ്യാർത്ഥി സംഘടനകളുമായി വെള്ളിയാഴ്ച സംസാരിക്കാമെന്ന് ഉറപ്പ് നൽകിയതിന് ശേഷമാണ് കെ.എസ്‌.യു സമരം അവസാനിപ്പിച്ചത്. കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡന്റ് യദുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൺവീനർ അൻസിൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ലിബു വെൺമണി അദ്ധ്യക്ഷനായി. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അനന്തു അജി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ.സെക്രട്ടറിമാരായ സമീർ, മേഘ, വൈസ് പ്രസിഡന്റ് അൻഷാദ്, സെക്രട്ടറിയറ്റംഗങ്ങളായ ആഷിക്, മഹേഷ് എന്നിവർ സംസാരിച്ചു.