പണിക്കവീട്ടിൽ ജംഗ്ഷൻ- പാറയ്ക്കാട്ട് മുക്ക് റോഡ് നിർമ്മാണത്തിന് തുടക്കം
മാവേലിക്കര: ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പള്ളിക്കൽ തെക്ക് മൂന്നാം വാർഡിൽ പണിക്കവീട്ടിൽ ജംഗ്ഷൻ- പാറയ്ക്കാട്ട് മുക്ക് റോഡിന്റെ പ്രവർത്തനോദ്ഘാടനം അഡ്വ.യു.പ്രതിഭ എം.എൽ.എ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതി പ്രകാരം അനുവദിച്ച 45 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം. പഞ്ചായത്ത്, വില്ലേജ് ആഫീസ്, സി.എം.എസ് സ്‌കൂൾ, പോസ്റ്റോഫീസ്, അങ്കണവാടി, കൃഷിഭവൻ തുടങ്ങിയ ഇടങ്ങളിലേക്ക് പോയിരുന്ന റോഡ് ഏറെ നാളായി തകർന്നു കിടക്കുകയായിരുന്നു. മുൻപഞ്ചായത്ത് ഭരണസമിതിയുടെയും ജനങ്ങളുടെയും നിരന്തര അഭ്യർത്ഥന പ്രകാരമാണ് യു.പ്രതിഭ എം.എൽ.എ ഇടപെട്ട് മുഖ്യമന്ത്രിയുടെ പദ്ധതിയിൽ നിന്ന് തുക അനുവദിച്ചത്. മാവേലിക്കര കൈരളി ലേബർ കോൺട്രാക്റ്റ് സഹകരണ സംഘത്തിനായിരുന്നു നിർമ്മാണ ചുമതല. ചടങ്ങിൽ ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.രമേശ്കുമാർ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്തംഗം ബിനി വിശ്വംഭരൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബി, പഞ്ചായത്തംഗം ശ്രീലേഖ, പഞ്ചായത്ത് ആസൂത്രണസമിതിയംഗം ബി.വിശ്വനാഥൻ, ജില്ലാ ആസൂത്രണസമിതിയംഗം രജനിജയദേവ്, വിഷ്ണു, കെ.കെ.ശശി, എൻ.സോമൻ എന്നിവർ സംസാരിച്ചു. മുൻ പഞ്ചായത്തംഗം കെ.എസ്.ജയപ്രകാശ് സ്വാഗതം പറഞ്ഞു.
അനുവദിച്ച തുക : 45 ലക്ഷം