അംഗബലമില്ലാതെ മാറനല്ലൂർ പൊലീസ് സ്റ്റേഷൻ

Thursday 12 March 2026 1:12 AM IST

മലയിൻകീഴ്: മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ ആവശ്യത്തിന് ജീവനക്കാരില്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. നിലവിൽ എസ്.എച്ച്.ഒയും പ്രിൻസിപ്പൽ എസ്.ഐയും ഇല്ല. ചുമതലയേറ്റ് വരുന്നവർ മാറിപോകുന്ന സ്ഥിതിയാണിപ്പോൾ. 30ജീവനക്കാർ വേണ്ടിടത്ത് 15പേരാണ് ആകെയുള്ളത്. ഇവരിൽ ഷിഫ്റ്റ് കഴിഞ്ഞ് പോകുന്നവരും ലീവിൽ പോകുന്നവരും കഴിഞ്ഞൽ സ്റ്റേഷൻ ഡ്യൂട്ടിയിലുള്ളവർ 10ന് താഴേയാണ്.

മാസത്തിൽ 60ലേറെ കേസുകൾ രജിസ്റ്റർ ചെയ്യുന്ന മാറനല്ലൂരിൽ അടുത്തിടെ മോഷണ പരമ്പര ഉണ്ടായിട്ടുണ്ട്. മാറനല്ലൂർ പഞ്ചായത്ത് പ്രദേശത്തും സ്റ്റേഷൻ അതിർത്തി പ്രദേശത്തുമായി ഒരുവർഷത്തിനിടെ നടന്ന മോഷണങ്ങളിൽ ഒരു കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. മോഷണം തടയുന്നതിനും മോഷ്ടാക്കളെ കണ്ടെത്തുന്നതിനുമായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചെങ്കിലും മോഷ്ടാക്കൾ കാണാമറയത്താണ്. ഔട്ട് പോസ്റ്റായിരുന്നപ്പോഴുള്ള പൊലീസുകാർ മാത്രമാണ് ഇപ്പോഴുമുള്ളത്.

മേഖലയിൽ മോഷണങ്ങൾ വർദ്ധിക്കുന്നു

മാറനല്ലൂർ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പൂട്ടിക്കിടന്ന വീടുകൾ കുത്തിപ്പൊളിച്ച് ഒരു കോടി രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നിരുന്നു.റൂറൽ എസ്.പി സ്ഥലം സന്ദർശിച്ച് സ്ക്വാഡുകൾ രൂപീകരിച്ചിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. മാറനല്ലൂർ പഞ്ചായത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ ആരംഭിച്ചതോടുകൂടി റോഡിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനോ ഉത്സവ സ്ഥലങ്ങളിൽ പൊലീസ് സാന്നിദ്ധ്യമോ ഇല്ലാത്ത സ്ഥിതിയാണ്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്റ്റേഷനിലെ എസ്.എച്ച്.ഒമാരെ സ്ഥലം മാറ്റി പുതിയ എസ്.എച്ച്.ഒ ചുമതല ഏറ്റെടുത്തെങ്കിലും മാറനല്ലൂർ സ്റ്റേഷനിൽ എത്തിയിട്ടില്ല. മാറനല്ലൂരിന്റെ വിവിധ പ്രദേശങ്ങളിൽ മണ്ണ് കടത്തും കുന്നിടിക്കലും വ്യാപകമാക്കിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.