'ഗ്യാസ് ' പോയി ഹോട്ടലുകൾ
ആലപ്പുഴ : പാചകവാതകം കിട്ടാക്കനിയായതോടെ ഹോട്ടലുകൾ മുമ്പെങ്ങുമില്ലാത്തവിധം കടുത്ത പ്രതിസന്ധിയിൽ. ഹോട്ടലുകൾക്ക് കൂട്ടത്തോടെ പൂട്ടു വീണത് കൂടാതെ, തുറന്നിരിക്കുന്ന ഹോട്ടലുകളിൽ വിഭവങ്ങൾക്ക് നിയന്ത്രണവും വന്നു. കൂടുതൽ പാചകവാതക ഉപയോഗം വേണ്ടിവരുന്ന വിഭവങ്ങൾ മെനുവിൽ നിന്ന് ഔട്ടായി. പല ഹോട്ടലുകളിലും ചായ വില്പന പോലും നിറുത്തി. അടുപ്പ് എപ്പോഴും കത്തിച്ചിടേണ്ടതു തന്നെ കാരണം. പൊറോട്ടയും പല ഹോട്ടലുകളിൽ നിന്നും പുറത്തായി. പാചതവാതകദൗർലഭ്യം ഹോട്ടലുകൾക്ക് പുറമെ ഹൗസ്ബോട്ടുകളെയും ബാധിച്ചിട്ടുണ്ട്. കാറ്ററിംഗ് മേഖലയും ആശങ്കയിലാണ്. അടുത്ത ആഴ്ചയോടെ വിവാഹ സീസൺ ആരംഭിക്കുന്നതോടെ എങ്ങനെ മുന്നോട്ടുപോകുമെന്നതാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്. കരാറെടുത്തിട്ടുള്ള വിഭവങ്ങൾ എങ്ങനെ പാചകം ചെയ്തെടുക്കും എന്ന് ഒരു എത്തുംപിടിയുമില്ല. റിസപ്ഷന് ബുഫേ സംവിധാനമായതിനാൽ വീടുകളിലെത്തി സിലിണ്ടർ ഉപയോഗിച്ചാണ് പാചകം ചെയ്യുന്നത്. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ കണക്കു പ്രകാരം ജില്ലയിൽ 1,800 അംഗീകൃത ഹോട്ടലുകളാണുള്ളത്. ഇതിനു പുറമേ വീട്ടിൽ ഊണ് കടകളും ചെറുതും വലുതുമായ തട്ടുകടകളും ഉൾപ്പെടെ 3000ഓളം കടകളും 10,000ലേറെ തൊഴിലാളികളുമുണ്ട്. അഞ്ച് സിലിണ്ടറുകൾ നൽകിയിരുന്ന ഏജൻസികൾ കഴിഞ്ഞ ദിവസം രണ്ടെണ്ണമാണ് നൽകിയത്.
ഇന്നലെ അടച്ചത് 40 ഹോട്ടൽ
കഴിഞ്ഞ ദിവസങ്ങളിലെല്ലാം പല ഹോട്ടലകളും ഭാഗികമായി അടഞ്ഞുകിടന്നു. ഇന്നലെ മാത്രം ജില്ലയിൽ 40ഓളം ഹോട്ടലുകളാണ് അടച്ചത്
ആലപ്പുഴ നഗരത്തിൽ മാത്രം 10 ഹോട്ടലുകൾ അടച്ചു. ഇന്ന് 50 ശതമാനം ഹോട്ടലുകൾ തുറക്കാൻ സാദ്ധ്യതയില്ലെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ.ഭാരവാഹികൾ
വരും ദിവസങ്ങളിൽ ഹോട്ടലുകളെല്ലാം തുറക്കാനാവാത്ത സ്ഥിയിയിലേക്കെത്തുമെന്നാണ് കരുതുന്നത്
സ്വന്തമായി സ്ഥലമുള്ള ചുരുക്കം ഹോട്ടലുകളിൽ മാത്രമാണു ബയോഗ്യാസ് പ്ലാന്റുള്ളത്. വിറകടുപ്പുള്ള ഹോട്ടലുകൾ വിരളമാണ്
വിറകടുപ്പിൽ പാചകം ചെയ്യാൻ കെട്ടിടഉടമകൾ അനുവദിക്കാത്ത സാഹചര്യമുണ്ട്. വിറകടുപ്പിൽ ചോറും ബിരിയാണിയും മാത്രമേ പാചകം ചെയ്യാനാവൂ എന്നതും പ്രതിസന്ധിയാണ്.
ഇൻഡക്ഷൻ കുക്കർ സ്റ്റാർ
സിലിണ്ടർ ക്ഷാമം വന്നതോടെ ഇൻഡക്ഷൻ കുക്കറിന് വലിയ ഡിമാൻഡാണിപ്പോൾ. വല്ലപ്പോഴും ഒരണ്ണമൊക്കെ വിറ്റിരുന്ന കടകളിൽ നിന്നു പോലും ഇപ്പോൾ ദിവസം അഞ്ചെണ്ണം വരെ വിറ്റുപോകുന്നുണ്ട്. 1200 മുതൽ 5000 രൂപവരെയാണ് ഒരെണ്ണത്തിന് വില. പാചകവാതക സിലിണ്ടർ കിട്ടാതായതോടെ വിറകിനും ചിരട്ടയ്ക്കും വിലകൂടി. റബർ തടികൾ ഉൾപ്പെടെയുള്ള വിറകിന് ഒരു ടണ്ണിന് 3500 മുതൽ 3,700 വരെയാണ് വില. നല്ലവിറകിന് ഒരു ടണ്ണിന് 8000 രൂപയോളം വിലവരും. ചിരട്ടയ്ക്ക് ഒരു കിലോയ്ക്ക് 40 രൂപയ്ക്കു മുകളിലേക്ക് വിലയെത്തി.
ജില്ലയിൽ ഹോട്ടലുകൾ
1800
വലിയ പ്രതിസന്ധിയാണിപ്പോൾ. ഹോട്ടലുകളെല്ലാം അടയ്ക്കുന്ന സ്ഥിതിയിലേക്ക് എത്തി. വരുംദിവസങ്ങളിൽ പൂർണമായും ഹോട്ടലുകൾ അടച്ചേക്കാം
-നാസർ ബി. താജ്, ജില്ലാ പ്രസിഡന്റ്
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ