എം.വി. ജയരാജന് അധിക ചുമതല  തളിപ്പറമ്പിൽ അതീവ ജാഗ്രത

Thursday 12 March 2026 12:17 AM IST
എം.വി. ജയരാജൻ

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലം സ്ഥാനാർത്ഥി നിർണയത്തിൽ അണികളിൽ ഉടലെടുത്ത നീരസം നേരിടാൻ അതീവജാഗ്രതയിൽ പാർട്ടി നേതൃത്വം. പി. ജയരാജനു പുറമേ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പ് സ്ഥാനാർത്ഥിയാക്കിയ തീരുമാനം പ്രഖ്യാപനത്തിന് മുൻപേ വൻ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. പ്രാദേശിക പാർട്ടി യോഗങ്ങളിലും അതു പടർന്നു. ഉലച്ചിൽ അടിത്തട്ടിലേക്ക് വ്യാപിക്കാതിരിക്കാനാണ് ജില്ലയിലെ ഏറ്റവും മുതിർന്ന രണ്ടു നേതാക്കളെ തിരഞ്ഞെടുപ്പ് ചുമതല ഏൽപ്പിച്ചിരിക്കുന്നത്. വിവാദമായ ആന്തൂർ വിഷയത്തിൽ പി.കെ ശ്യാമളയെ വിമർശിച്ച നേതാവാണ് പി. ജയരാജൻ. സംഭവത്തിൽ ശ്യാമളയ്ക്ക് 'വീഴ്ച പറ്റി' എന്ന് ധർമശാലയിൽ വിശദീകരണ യോഗത്തിൽ പി. ജയരാജൻ നിലപാട് സ്വീകരിച്ചിരുന്നു. പക്ഷേ, പാർട്ടി ആ ഭാഷ്യം തള്ളി; 'ഉദ്യോഗസ്ഥരുടെ പിഴവ്' എന്ന ഔദ്യോഗിക നിലപാട് സ്വീകരിക്കുകയായിരുന്നു. സാധാരണ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ ഒരൊറ്റ മണ്ഡലത്തിന്റെ ഭാരം ഏൽക്കാറില്ല. എന്നിട്ടും, ഇക്കുറി കാസർകോട് ജില്ലയുടെ ചുമതലയുള്ള എം.വി ജയരാജന് തളിപ്പറമ്പ് 'അധിക ഉത്തരവാദിത്വ'മായി നൽകിയിരിക്കുകയാണ്.

അനൗദ്യോഗിക പ്രചരണം തുടങ്ങ ശ്യാമള ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുൻപേ പി.കെ ശ്യാമള പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. യോഗങ്ങളും സ്വീകരണ ചടങ്ങുകളും ഒഴിവാക്കി, ഒറ്റയ്ക്കൊറ്റയ്ക്ക് വ്യക്തികളെ നേരിൽ കാണുകയാണ്. ഇനിയും ആളിക്കത്താൻ ഇടയുള്ള പ്രതിഷേധം നേരത്തേ തണുപ്പിക്കാനുള്ള നീക്കം കൂടിയാണിതെന്നാണ് വിലയിരുത്തൽ.