മരണം കാരുണ്യമായി ഹരീഷ് റാണയിലേക്ക്, രാജ്യത്തെ ആദ്യ ദയാവധത്തിന് സുപ്രീം കോടതി അനുമതി
അന്ത്യനിമിഷങ്ങൾ ഡൽഹി എയിംസിൽ
ന്യൂഡൽഹി: ``ഈ തീരുമാനം ഒരു കീഴടങ്ങൽ പോലെ തോന്നാം, വാസ്‌തവത്തിൽ അഗാധമായ കാരുണ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രവൃത്തിയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.``
രാജ്യത്തെ ആദ്യത്തെ ദയാവധത്തിന് അനുമതി നൽകിക്കൊണ്ടുള്ള ചരിത്രവിധിയിൽ സുപ്രീംകോടതി കുറിച്ചു.
12 വർഷം, 6 മാസം, 19 ദിനങ്ങൾ... ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശിയായ 32കാരൻ ഹരീഷ് റാണ
മരണത്തിന്റെ പടിവാതിലിനു പുറത്ത് ജീവന്റെ തുടിപ്പുമായി കോമയിൽ കഴിയുകയാണ്. `` നിങ്ങൾ മകനെ ഉപേക്ഷിക്കുന്നില്ല. അവനെ അന്തസോടെ പോകാൻ അനുവദിക്കുന്നു. അത് അവനോടുള്ള നിസ്വാർത്ഥ സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും ആഴത്തെ പ്രതിഫലിപ്പിക്കുന്നു. ഈ തീരുമാനം വഹിക്കുന്ന ആഴത്തിലുള്ള വൈകാരിക ഭാരം നീതിപീഠം അംഗീകരിക്കുന്നു. - മാതാപിതാക്കളോടായി കോടതി പറഞ്ഞു.
ജസ്റ്റിസ് ജെ.ബി. പർദിവാല, മലയാളിയായ ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശങ്ങൾ ഒരു ജനതയുടെ യാത്രമൊഴിയാവുന്ന നിമിഷങ്ങൾക്കാണ് പരമോന്നത കോടതി സാക്ഷ്യം വഹിച്ചത്. അന്തസോടെയുള്ള ജീവിതത്തിൽ അന്തസോടെയുള്ള മരണവും ഉൾപ്പെട്ടിരിക്കുന്നു. ഭരണഘടന ഉറപ്പുനൽകുന്നതാണത്. 2018ൽ ദയാവധത്തിന് ഭരണഘടനാ ബെഞ്ച് നിയമപരമായ അംഗീകാരം നൽകിയിരുന്നു. കോടതി ചൂണ്ടിക്കാട്ടി.
അവസാന ശ്വാസംവരെ
പരിചരിക്കണം
#ഭക്ഷണട്യൂബ് അടക്കം എല്ലാ മെഡിക്കൽ സംവിധാനങ്ങളും എടുത്തുമാറ്റാം
#മെഡി. ഉപകരണങ്ങൾ മാറ്റുമ്പോഴും പാലിയേറ്റീവ് പരിചരണം ഉറപ്പാക്കണം
#ചികിത്സ പിൻവലിക്കൽ മാനുഷിക രീതിയിലായിരിക്കണം
#രോഗിയുടെ അന്തസ് കാത്തുസൂക്ഷിക്കണം
#രോഗിയോട് ഡോക്‌ടർക്കുള്ള ഉത്തരവാദിത്വം പ്രതിഫലിക്കണം
#ഉപേക്ഷിക്കുന്നുവെന്ന മട്ടിലാകരുത് ചികിത്സ പിൻവലിക്കൽ
ജീവന്റെ തുടിപ്പ്
മിഴികളിൽ മാത്രം
#മെലിഞ്ഞ് എല്ലുംതോലുമായി
#100% ശാരീരിക വൈകല്യം
#കണ്ണുകൾക്ക് മാത്രമാണ് ചലനം
#സംസാരശേഷി നഷ്‌ടപ്പെട്ടു
#വിശപ്പുപോലും അറിയാനാവുന്നില്ല
#നാലാം നിലയിൽ
നിന്നുള്ള വീഴ്ച
2013 ആഗസ്റ്റ് 20ന് രക്ഷാബന്ധൻ ദിനത്തിലാണ് പഞ്ചാബ് സർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്ന ഹരീഷ് റാണ പേയിംഗ് ഗസ്റ്റ് ഹൗസിന്റെ നാലാം നിലയിൽ നിന്നു താഴേക്കു വീണത്. തലച്ചോറിന് ഗുരുതര ക്ഷതമേറ്റു. അന്നുമുതൽ കിടക്കയിലാണ്.
ഡൽഹി എയിംസിൽ
അന്ത്യയാത്ര
ഹരീഷ് റാണയെ വേദനയില്ലാതെ യാത്രയാക്കാൻ നടപടികളിലേക്ക് കടക്കുകയാണ് ഡൽഹി എയിംസ് പാലിയേറ്റ് കെയർ യൂണിറ്റ്. ഗാസിയാബാദിലെ വീട്ടിൽ നിന്ന് എയിംസിൽ പ്രവേശിപ്പിക്കും. വേദന പരമാവധി കുറച്ചു കൊണ്ടുവരാനാണ് പാലിയേറ്റ് കെയറിലൂടെ ലക്ഷ്യമിടുന്നത്. പാലിയേറ്രീവ് മെഡിക്കൽ സ്‌പെഷ്യലിസ്റ്റുകൾക്ക് പുറമെ പ്രൈമറി ട്രീറ്റിംഗ് ഫിസിഷ്യൻസ്, നഴ്സുമാർ, ആശുപത്രി എത്തിക്‌സ് കമ്മിറ്റി അംഗങ്ങളും പ്രക്രിയയിൽ പങ്കാളികളാകും. കുടുംബാംഗങ്ങൾക്ക് തുടർച്ചയായി കൗൺസലിംഗ് നൽകും. ശാന്തമായ അവസാന ദിനങ്ങൾ ഉറപ്പിച്ചു കൊണ്ടാകും നടപടികൾ.
മൂന്നുവർഷത്തോളം മകനു വേണ്ടി പോരാടി. ഹരീഷിനെ പോലെ ജീവിക്കുന്നവർ വേറെയുണ്ടോയെന്ന് അറിയില്ല. അവർക്കും ഈവിധി ഉപകാരപ്പെടും
-അശോക് റാണ,
പിതാവ്