താല്‍പ്പര്യം വിധവകളോടും ഭര്‍ത്താവുമായി പിണങ്ങി കഴിയുന്നവരോടും; 'ബാഹുലേയന്‍ എലിയാസ് കല്യാണരാമന്‍' കുടുങ്ങി

Wednesday 11 March 2026 11:31 PM IST

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം വിവാഹത്തട്ടിപ്പും മോഷണവും നടത്തിവരികയായിരുന്ന പ്രതി പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് ബാഹുലേയനാണ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ് സ്വദേശിയായ ഇയാള്‍ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും വിവാഹം ചെയ്തിട്ടുണ്ട്. കള്ളപ്പേരും വ്യാജ വ്യക്തിവിവരങ്ങളും നല്‍കിയാണ് ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് വിവാഹബന്ധങ്ങള്‍ തരപ്പെടുത്തിയിരുന്നത്. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും ഇയാള്‍ വിവാഹംകഴിച്ചിട്ടുണ്ട്.

ബാഹുലേയന്‍, കല്യാണരാമന്‍, ദാസ് ബാബു, ബാബു, സുന്ദരന്‍, രാജന്‍, വിജയന്‍ തുടങ്ങി വ്യത്യസ്ത പേരുകളിലാണ് ഓരോ സ്ഥലത്തും ഇയാള്‍ അറിയപ്പെടുന്നത്. വാടകയ്ക്ക് വീട് എടുത്താണ് മോഷണവും വിവാഹവും നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ഒരു പ്രദേശത്ത് എത്തിയാല്‍ അവിടെ വിധവകളായി കഴിയുന്ന സ്ത്രീകള്‍, ഭര്‍ത്താവുമായി അകന്ന് കഴിയുന്ന സ്ത്രീകള്‍ എന്നിവരെ നോട്ടമിട്ട് അവരെ വിവാഹം കഴിക്കുകയും പിന്നീട് പ്രത്യേകം മാറിത്താമസിച്ച് മോഷണം നടത്തുന്നതുമാണ് പ്രതിയുടെ രീതി.

നെയ്യാറ്റിന്‍കര മുതല്‍ കാസര്‍കോട് വരെയുള്ള വിവിധ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ 50ല്‍പ്പരം കേസുകളുണ്ടെന്നും പൊലീസ് പറയുന്നു. പിടിച്ചുപറി, മോഷണം, വിവാഹത്തട്ടിപ്പ് തുടങ്ങിയവയാണ് പ്രതിക്കെതിരെയുള്ള പരാതികള്‍. ആളൊഴിഞ്ഞ വീടുകള്‍ നോക്കിവച്ചതിന് ശേഷം മോഷണം നടത്തുന്നതാണ് രീതി. തലസ്ഥാന ജില്ലയില്‍ വയോധികയുടെ ഏഴ് പവന്‍ തൂക്കമുള്ള മാല പിടിച്ചുപറിച്ച കേസിലെ പിടികിട്ടാപ്പുള്ളിയാണ് ബാഹുലേയന്‍.