ഗർഭിണി ഭർതൃവീട്ടിൽ മരിച്ച നിലയിൽ

Wednesday 11 March 2026 11:58 PM IST

കൊല്ലം: ഇട്ടിവയിൽ നാലുമാസം ഗർഭിണിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇട്ടിവ ഫിൽഗിരി ചെറുകുളം ചരുവിള പുത്തൻവീട്ടിൽ സുബിന്റെ ഭാര്യ ശരണ്യയാണ് (26) മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് നാലോടെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് ശരണ്യയെ കണ്ടെത്തിയത്. അയൽവാസിയായ കുട്ടി ശരണ്യയെ തിരക്കി വീട്ടിലെത്തിയപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. ഉടൻ തന്നെ കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഗർഭിണി ആയതിനാൽ ഇൻക്വസ്റ്റ് നടപടികൾക്ക് ആർ.ഡി.ഒയുടെ സാന്നിദ്ധ്യം ആവശ്യമായിരുന്നു. ഇതോടെ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഇന്നലെ കൊട്ടാരക്കര തഹസിൽദാരുടെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക്

വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ കടയ്ക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുബിന്റെ അമ്മ നേരത്തെ മരിച്ചിരുന്നു. ശരണ്യയ്ക്ക് പുറമേ സുബിനും അച്ഛനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശരണ്യയെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ സുബിനും അച്ഛനും ജോലിക്ക് പോയിരിക്കുകയായിരുന്നു.

കണ്ണൂർ പാട്യം ഒടിയണ്ണ സ്വദേശിനിയായ ശരണ്യയുടെയും സുബിന്റെയും വിവാഹം ഒരു വർഷം മുപായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് കണ്ണൂരിലെത്തിയ സുബിനുമായി ശരണ്യ സ്നേഹത്തിലാവുകയായിരുന്നു. തുടർന്ന് ശരണ്യ സുബിനൊപ്പം ഇറങ്ങിപ്പോയി. കൂലിപ്പണിക്കാരനായ സുബിൻ കടുത്ത മദ്യപാനിയായിരുന്നെന്ന് ശരണ്യയുടെ പിതാവ് ചന്ദ്രൻ പറഞ്ഞു. വിവാഹം കഴിഞ്ഞ നാൾ മുതൽ ഇവർക്കിടയിൽ തർക്കങ്ങൾ പതിവായിരുന്നു. മരിക്കുന്നതിന്റെ തലേദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായി. വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് ശരണ്യ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടാൻ തുടങ്ങിയത്. തന്നെ സുബിൻ സ്ഥിരമായി മർദ്ദിക്കാറുണ്ടെന്നും കൂട്ടിക്കൊണ്ടുപോകണമെന്നും രണ്ടാഴ്ച മുൻപ് ശരണ്യ പിതാവിനെ വിളിച്ച് കരഞ്ഞു പറഞ്ഞിരുന്നതായും കുടുംബം വെളിപ്പെടുത്തി. ഷീജയാണ് ശരണ്യയുടെ മാതാവ്.