ആളും ആരവവുമില്ലാതെ പൊൻമുടി
വിതുര: വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടിയിൽ ആളനക്കമില്ലാത്ത അവസ്ഥയിൽ. രണ്ടാഴ്ചയായി നാമമാത്രമായ സഞ്ചാരികളാണ് പൊൻമുടിയിലെത്തുന്നത്. കടുത്ത ചൂടാണ് വില്ലനായി മാറിയത്. ശക്തമായ ചൂടേറ്റ് പ്രദേശമാകെ വരണ്ടുണങ്ങിക്കിടക്കുകയാണ്. ആദ്യമായാണ് പൊൻമുടിയിൽ ഇത്രയധികം ചൂട് അനുഭവപ്പെടുന്നതെന്ന് പൊൻമുടി നിവാസികൾ പറയുന്നു. കടുത്തചൂട് മൂലം പകൽസമയങ്ങളിൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.
കഴിഞ്ഞ വർഷം ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ പൊൻമുടിയിൽ കനത്ത മഴ പെയ്തിരുന്നു. മഴയും, മണ്ണിടിച്ചിലും മൂലം പൊൻമുടി അടച്ചിടേണ്ട അവസ്ഥയായിരുന്നു. മഴ പെയ്തിട്ട് രണ്ടുമാസമാകുന്നു.മഞ്ഞും അപ്രത്യക്ഷമായി.
ചൂടിന്റെ ആധിക്യത്തിൽ ഇവിടെയെത്തുന്ന സഞ്ചാരികൾ പെട്ടെന്ന് പൊൻമുടി മലയിറങ്ങുന്ന സ്ഥിതിവിശേഷമാണ്. പൊൻമുടി വനമേഖലയിലെ നീരുറവകളും നീർച്ചാലുകളും ഇതിനകം വറ്റിവരണ്ടു കഴിഞ്ഞു. നിലവിൽ പൊൻമുടി മേഖല കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. വനാന്തരങ്ങളും വറുതിയുടെ പിടിയിലാണ്. ഭക്ഷണവും വെള്ളവും തേടി കാട്ടുമൃഗങ്ങൾ പൊൻമുടി, കല്ലർ മേഖലയിലെ ജനവാസമേഖലകളിൽ എത്തുന്നുണ്ട്.
വനംവകുപ്പിനും നഷ്ടം
കടുത്ത ചൂട് വനം വകുപ്പിനും കനത്ത നഷ്ടമാണ് വിതച്ചത്. സഞ്ചാരികളുടെ കുറവ് മൂലം പാസ് ഇനത്തിൽ ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ നഷ്ടമായി. കഴിഞ്ഞ വർഷം ഈ സീസണിൽ ലക്ഷങ്ങളുടെ വരുമാനമാണ് ലഭിച്ചത്. ചൂട് കച്ചവടമേഖലയേയും കാര്യമായി ബാധിച്ചു. സഞ്ചാരികളുടെ കുറവ് മൂലം വിതുര, കല്ലാർ, പൊൻമുടി മേഖലയിലെ കടകളിലും കച്ചവടം കുറഞ്ഞു.