പുൽപ്പള്ളിയിൽ കുരുമുളക് മോഷണം; 3 പേർ പൊലീസ് പിടിയിൽ
പുൽപ്പള്ളി: മേഖലയിലെ കർഷകരെ ആശങ്കയിലാഴ്ത്തിയ കുരുമുളക് മോഷണക്കേസിലെ മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. പുൽപ്പള്ളി വടാനക്കവല ചെമ്പകപുരയിൽ അനൂപ് (22), താന്നിത്തെരുവ് തെക്കേപീടികയിൽ നൗഫൽ (22(, താന്നിത്തെരുവ് ചെവിടയ്ക്കൻ പാറയ്ക്കൽ മുഹമ്മദ് സിനാൻ (19) എന്നിവരെയാണ് പുൽപ്പള്ളി പൊലീസും സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. പുൽപ്പള്ളി ശശിമല കുഴുപ്പമാലിയിൽ ബെന്നിയുടെ വീടിനോട് ചേർന്ന സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ഏകദേശം മൂന്ന് ക്വിന്റലോളം കുരുമുളകാണ് പ്രതികൾ കവർന്നത്. മോഷണം നടന്ന സ്ഥലങ്ങളിലെയും പരിസരത്തെയും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് പ്രതികളെ വേഗത്തിൽ വലയിലാക്കാൻ പൊലീസിനെ സഹായിച്ചത്. ബത്തേരി ഡി.വൈ.എ.സ്.പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡും പുൽപ്പള്ളി പൊലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഉൾപ്പെട്ട ഒരാൾ കൂടി ഇനിയും പിടിയിലാകാനുണ്ട്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. പുൽപ്പള്ളി എസ്.എച്ച്.ഒ മഹേഷ്, എസ്.ഐ ജിതിൻ കുമാർ, സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ ആദർശ്, സബിൻ, വിപിൻ, ജോജി, ഷാഫി, മോഹൻദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മേഖലയിൽ സമാനമായ രീതിയിൽ നടന്ന മറ്റ് മോഷണങ്ങളിലും ഇവർക്ക് പങ്കുണ്ടോ എന്ന് പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
അനൂപ്, നൗഫൽ, മുഹമ്മദ് സിനാൻ