ഇന്ധന പ്രതിസന്ധിയിൽ ആശ്വാസം; ഇറാനിലേയ്ക്ക് ജയ്‌ശങ്കറിന്റെ കോൾ, ഇന്ത്യൻ എണ്ണ ടാങ്കറുകൾ ഹോർമുസ് കടക്കും

Thursday 12 March 2026 12:08 PM IST

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇന്ത്യൻ ടാങ്കറുകൾക്ക് അനുമതി നൽകി ഇറാൻ. വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ ഇറാനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഘ്‌ചിയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് അനുമതി ലഭിച്ചത്. തങ്ങൾക്ക് നേരെ യു.എസ് ആക്രമണം തുടർന്നാൽ ഹോർമുസ് കടലിടുക്കിലൂടെ ഒരു തുള്ളി എണ്ണ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ വിതരണക്കാർ. ഹോർമുസ് വഴി പ്രതിദിനം ഒരു ദശലക്ഷത്തിലധികം ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യയിലെത്തുന്നത്.

ഹോർമുസ് കടലിടുക്കുവഴി ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്ന തായ്‌ലൻഡിന്റെ 'മയൂരി നാരീ' എന്ന ചരക്കുക്കപ്പൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ തകർന്നിരുന്നു. യു.എ.ഇയിലെ ഖലീഫ പോർട്ടിൽ നിന്ന് വരികയായിരുന്നു കപ്പൽ. ഒമാന് വടക്ക് 12 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം നടന്നത്. 20 ജീവനക്കാരെ ഒമാൻ നേവി രക്ഷിച്ചു.

പ്രകൃതി വാതകവുമായി റഷ്യയിൽ നിന്നടക്കം രണ്ട് കപ്പലുകൾ ഉടൻ എത്തുമെന്നും പാചകവാതക ക്ഷാമത്തിൽ പരിഭ്രാന്തി വേണ്ടെന്നുമാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഗാർഹിക ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്‌ത് രണ്ടര ദിവസത്തിനുള്ളിൽ സിലിണ്ടർ ലഭ്യമാകുമെന്നും കേന്ദ്രം അവകാശപ്പെടുന്നു. അതേസമയം, എൽ.പി.ജി വിതരണത്തിൽ നിയന്ത്രണമുണ്ടെന്നാണ് ഭാരത് പെട്രോളിയം കൊച്ചിയിൽ അറിയിച്ചത്.