വിവാഹത്തിന് വീട്ടുകാർ എതിർത്തു; പൊലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യാ ഭീഷണിയുമായി കമിതാക്കൾ
ലക്‌നൗ: പ്രണയ വിവാഹത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ ദേഹത്ത് ഡീസലൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി കമിതാക്കൾ. ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിലുള്ള പൊലീസ് സ്റ്റേഷന് മുന്നിലാണ് നാടകീയ സംഭവം അരങ്ങേറിയത്. വിവാഹം കഴിക്കാൻ അനുവദിച്ചെങ്കിൽ തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവാവും പെൺകുട്ടിയും റോഡിൽ കുത്തിയിരിക്കുകയായിരുന്നു.
ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാൽ ഇവരുടെ വീട്ടുകാർ വിവാഹത്തെ എതിർത്തതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് കടന്നത്. പൊലീസ് സ്റ്റേഷന് മുന്നിലെത്തിയ ഇവർ ശരീരത്തിൽ ഡീസൽ ഒഴിക്കുകയും കൈയിൽ തീപ്പെട്ടിയുമായി ആത്മഹത്യാ ഭീഷണി മുഴക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോഡിൽ കുത്തിയിരിക്കുന്ന ഇവർക്ക് സമീപം ഒരു ചെറിയ തീജ്വാല കത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
'ഈ സ്റ്റേഷന്റെ ഇൻചാർജ് ആണ് ഞാൻ. വിവാഹം ഞാൻ നടത്തിത്തരാം മോനെ. പറയുന്നതൊന്ന് കേൾക്കൂ. പൂജാരിയെ വിളിക്കുന്നുണ്ട്, ഉള്ളിൽ ക്ഷേത്രവുമുണ്ട്. എന്നെ വിശ്വസിക്കൂ.' സ്ഥിതിഗതികൾ വഷളായതോടെ സ്റ്റേഷൻ ഹൗസ് ഓഫീസർ നേരിട്ടെത്തി യുവാവുമായി ഇവരുമായി സംസാരിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഇവരെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചു. കൈയിൽ നിന്നും തീപ്പെട്ടി പിടിച്ചുവാങ്ങാനും ഇവരെ കസ്റ്റഡിയിലെടുക്കാനും പൊലീസിന് കഴിഞ്ഞു.
അതേസമയം, സംഭവം അന്വേഷിച്ച പൊലീസിന് മുന്നിൽ മറ്റൊരു പ്രധാന വിവരം കൂടി പുറത്തുവന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ പെൺകുട്ടിയുടെ പിതാവ് യുവാവിനെതിരെ പരാതി നൽകുകയും ചെയ്തു.