നടി കാവ്യ വിവാഹിതയാകുന്നു; വരൻ പ്രശസ്‌ത സംഗീത സംവിധായകൻ എം  എം  കീരവാണിയുടെ മകൻ

Thursday 12 March 2026 4:13 PM IST

ഹൈദരാബാദ്; തെലുങ്ക് നടി കാവ്യ കല്യാൺറാം വിവാഹിതയാകുന്നു. ഗായകനും സംഗീത സംവിധായകനുമായ കാലഭൈരവയാണ് വരൻ. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്നും താമസിയാതെ വിവാഹനിശ്ചയമുണ്ടാകുമെന്നും വിവരമുണ്ട്.

പ്രശസ്‌ത സംഗീത സംവിധായകൻ എം എം കീരവാണിയുടെ മകനാണ് കാലഭൈരവ. നടൻ ശ്രീസിംഹ സഹോദരനാണ്. സംവിധായകൻ എസ് എസ് രാജമൗലി അടുത്ത ബന്ധുവുമാണ്. ബാഹുബലി, ഡിയർ കോമ്രേഡ്, ആർആർആർ, ദേവര ഉൾപ്പെടെ ഒട്ടെറെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ പിന്നണി ഗായകനായി പ്രവർത്തിച്ചു. കാർത്തികേയ2, യൂഫോറിയ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീത സംവിധാനവും നിർവഹിച്ചു.

ബാലതാരമായാണ് കാവ്യ കല്യാൺറാം സിനിമയിലെത്തിയത്. 2011ൽ നാഗാർജുന നായകനായെത്തിയ സ്‌നേഹമെന്റെ ഇഡേര എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഗംഗോത്രി, ടാഗോർ, ബണ്ണി എന്നീ സിനിമകളിൽ ബാലതാരമായി വേഷമിട്ടു. 2022ൽ പുറത്തിയ മസൂദ എന്ന സിനിമയിലൂടെ നായികയായി. വാട്‌സ് അപ്പ് നരേഷ് ആണ് പുറത്തിറങ്ങാനിരിക്കുന്ന സിനിമ.