ഗ്രാമീണ മേഖലയിൽ ഗ്യാസ് സിലിണ്ടർ ബുക്കിംഗിന് 45 ദിവസത്തെ ഇടവേള, പാനിക് ബുക്കിംഗ് നടത്തരുതെന്ന് കേന്ദ്രം

Thursday 12 March 2026 6:52 PM IST

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. പരിഭ്രാന്തിയുടെ കാര്യമില്ലെന്നും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി. വലിയ പ്രതിസന്ധി ഒഴിവാക്കാനാണ് ബുക്കിംഗിൽ ചെറിയ നിയന്ത്രണങ്ങൾ വരുത്തിയത്. ഗ്രാമീണ മേഖലയിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസമാക്കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. 50 ലക്ഷം സിലിണ്ടറുകൾ ദിവസേന വിതരണം ചെയ്യുന്നുണ്ട്. പരിഭ്രാന്തി പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം അഭ്യർത്ഥിച്ചു.

എൽ.പി.ജി ക്ഷാമം ഉണ്ടെന്ന നിലയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് കേന്ദ്രവാർത്താവിതരണ മന്ത്രാലയവും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ടിവി ചാനലുകൾ അടക്കം ഇക്കാര്യം പരിശോധിക്കണം. പ്രശ്നം ഉണ്ടെന്ന രീതിയിൽ ഒരേ രീതിയിലുള്ള ദൃശ്യങ്ങൾ ദിവസം മുഴുവൻ കാണിക്കരുതെന്നും പലയിട്ടതും പ്രശ്നം പരിഹരിച്ചിട്ടും അതേ ദൃശ്യങ്ങൾ ചാനലുകൾ വീണ്ടും കാണിക്കുന്നുവെന്നും ഈ വിഷയത്തിൽ വ്യക്തത നൽകണമെന്നും വാർത്താവിതരണ മന്ത്രാലയം അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് രൂക്ഷമാകുന്ന പാചക വാതക പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക യോഗം വിളിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ,​ ജി.ആ‍ർ. അനിൽ,​ എം.ബി. രാജേഷ്,​ ചീപ് സെക്രട്ടറി,​ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ ,​ പൊതുമേഖല എണ്ണക്കമ്പനി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.