ഒരു വയസ്സുകാരിയെ കൊലപ്പെടുത്തിയത് അമ്മ; അശ്വതിയെ പൊലീസ് ചോദ്യം ചെയ്യുന്നു

Thursday 12 March 2026 7:55 PM IST

തിരുവനന്തപുരം: ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് സമ്മതിച്ച് അമ്മ അശ്വതി. തിരുവനന്തപുരം വാമനപുരം കണിച്ചോട് ആണ് സംഭവം. കുട്ടിയെ കൊന്നത് താന്‍ തന്നെയാണെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അമ്മ അശ്വതി സുഭാഷ് സമ്മതിക്കുകയായിരുന്നു.

ഇവര്‍ക്ക് മാനസിക ബുദ്ധിമുട്ടുകളുള്ളതായിട്ടാണ് സംശയിക്കുന്നത്. അശ്വതിയുടെയും സുഭാഷിന്റെയും ഒരു വയസ്സുള്ള മകള്‍ പവിത്രയാണ് കൊല്ലപ്പെട്ടത്.

അമ്മൂമ്മ തൊഴിലുറപ്പിന് പോയി മടങ്ങി എത്തിയപ്പോള്‍ കിടപ്പുമുറിയില്‍ ചലനമറ്റു കിടക്കുന്നത് കണ്ടു. ഉടന്‍ തന്നെ കാരേറ്റ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

കുട്ടിയെ മരിച്ച നിലയിലാണ് കൊണ്ട് വന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും പൊലീസ് നേരത്തെ പ്രതികരിച്ചിരുന്നു.

കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണം ഉള്‍പ്പെടെയുള്ളവ അറിയുന്നതിനാണ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നത്. എന്തെങ്കിലും കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നോയെന്നും അറിയാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്.