സിനിമയിലെ 'വിഹിത' വിവാദം
2025 ൽ റിലീസായത് 183 മലയാള സിനിമകളാണ്. ഇതിൽ സാമ്പത്തിക നേട്ടമുണ്ടാക്കിയത് 15 സിനിമകൾ മാത്രം (എട്ടു സൂപ്പർ ഹിറ്റുകളും ഏഴ് ഹിറ്റുകളും). സിനിമാ വ്യവസായത്തിന് ആകെയുണ്ടായ നഷ്ടം 360 കോടി രൂപ. കണക്കുകൾ പുറത്തുവിട്ടത് നിർമ്മാതാക്കളുടെ സംഘടന തന്നെയാണ്. 2026ൽ സിനിമ പിടിച്ചു നിൽക്കുന്നത് 'സർവം മായ"യുടെ പച്ചപ്പിലാണ്. ഇതുവരെ ഇറങ്ങിയ മിക്ക സിനിമകളും ഫ്ലോപ്പാണ്. അതേസമയം, പ്രേക്ഷകർ നാളുകളായി കാത്തിരിക്കുന്ന മൾട്ടി സ്റ്റാർ ചിത്രം 'പേട്രിയറ്റ് ", 'ദൃശ്യം- 3", 'ആട് - 3" തുടങ്ങിയ സിനിമകൾ വേനലവധി മുൻനിർത്തി റിലീസിന് ഒരുങ്ങുകയാണ്. അതിനിടയിലാണ് തിയറ്ററുകളുമായി ബന്ധപ്പെട്ട വിഹിത വിവാദം ഉടലെടുത്തിരിക്കുന്നത്.
പേട്രിയറ്റിന് 'ടോർപിഡോ"
18 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന വൻ താരനിരയുള്ള ബിഗ് ബജറ്റ് ചിത്രമാണ് ‘പേട്രിയറ്റ്’. മുതൽ മുടക്കിന്റെ കണക്ക് പുറത്തുവിട്ടിട്ടില്ലെങ്കിലും 125 കോടിയെന്ന് കണക്കാക്കുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് ആന്റോ ജോസഫിന്റെ നേതൃത്വത്തിലാണ്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ചികിത്സാർത്ഥം മമ്മൂട്ടി ഇടവേളയെടുത്തതിനാൽ ചിത്രീകരണം നീണ്ടു പോയിരുന്നു. ഏപ്രിൽ 23ന് ലോക വ്യാപകമായി റിലീസിന് ഒരുക്കുമ്പോഴാണ് തിയറ്ററുകളുടെ സംഘടന ഉടക്കിയത്.
സിനിമയുടെ നിർമ്മാതാക്കൾ തിയറ്റർ വിഹിതത്തിൽ വർദ്ധന ആവശ്യപ്പെട്ടതാണ് കാരണം. ഈ സാഹചര്യത്തിൽ അവരുമായി കരാറിൽ ഏർപ്പെടരുതെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് (ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഒഫ് കേരള) അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. പ്രശ്ന പരിഹാരമായില്ലെങ്കിൽ ഫിയോക്കിന് കീഴിലുള്ള 450ലധികം തിയറ്ററുകൾ 'പാട്രിയറ്റ് " പ്രദർശിപ്പിക്കില്ലെന്നാണ് മുന്നറിയിപ്പ്.
മലയാള സിനിമകൾ തിയ്യേറ്ററുകളിൽ എത്തുമ്പോൾ ഉടമകൾ ആദ്യ ആഴ്ചയിൽ 60 ശതമാനവും രണ്ടാമത്തെ ആഴ്ചയിൽ 55 ശതമാനവും മൂന്നാമത്തെ ആഴ്ചയിൽ 50 ശതമാനവും കളക്ഷൻ വിഹിതമാണ് നിർമ്മാതാക്കൾക്ക് നൽകേണ്ടത്. എന്നാൽ, ‘പേട്രിയറ്റ്’ സിനിമയുടെ നിർമ്മാതാക്കളായ ആന്റോ ജോസഫ് ഫിലിം കമ്പനി ആദ്യത്തെ രണ്ട് ആഴ്ചകളിലും 60 ശതമാനം വിഹിതം വേണമെന്ന് കരാർ വെച്ചു. ഈ സാഹചര്യത്തിലാണ് എതിർപ്പുമായി ഫിയോക് രംഗത്തെത്തിയത്. ആദ്യ രണ്ടാഴ്ചകളിൽ 60 ശതമാനം വിഹിതം നൽകി സിനിമ പ്രദർശിപ്പിച്ചാൽ തിയറ്ററുകൾക്ക് വലിയ നഷ്ടം ഉണ്ടാക്കുമെന്നാണ് ഫിയോക്കിന്റെ വാദം. ഇൻഡസ്ട്രിയിലെ വ്യവസ്ഥകളിൽ വിട്ടുവീഴ്ചക്ക് തയ്യാറല്ല. സംസ്ഥാനത്തെ തിയറ്ററുകളുടെ അവസ്ഥ വളരെ ദയനീയമാണെന്നും സംഘടന പറയുന്നു. ഏതായാലും സിനിമയുടെ റിലീസ് അടുക്കുന്നതോടെ മഞ്ഞുരുകുമെന്നാണ് പ്രതീക്ഷ.
പ്രശ്നം പലതരം
സിനിമാ വ്യവസായം മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധികളിലൂടെയാണ് മുന്നോട്ട് പോകുന്നത്. സിനിമകൾ പരാജയപ്പെടാനുള്ള പ്രധാന കാരണം ഉള്ളടക്കത്തിന്റെ പോരായ്മ തന്നെയാണ്. പറയത്തക്ക താരങ്ങളില്ലാത്ത സിനിമകളും ഏറെ ചർച്ചയാകുകയും ഹിറ്റാവുകയും ചെയ്തിട്ടുണ്ട്. ഏറെ ഊതിപ്പെരുപ്പിച്ച മൾട്ടിസ്റ്റാർ ചിത്രങ്ങൾ എട്ടുനിലയിൽ പൊട്ടിയിട്ടുമുണ്ട്. അത് മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിന്ദിയിലുമെല്ലാം കാണുന്ന പ്രതിഭാസമാണ്. അതിനാൽ ഉള്ളടക്കം തന്നെയാണ് നമ്പർ വൺ. പ്രൊമോഷൻ പരിപാടികളാണ് വിജയത്തിന്റെ ആണിക്കല്ലെന്ന് വിശ്വസിക്കുന്നവരും അല്ലാത്തവരുമുണ്ട്. 'വലതുവശത്തെ കള്ളൻ" സിനിമയുടെ പരാജയം പ്രചാരണത്തിന്റെ കുറവുകൊണ്ടാണെന്നും നായകരിൽ ഒരാളായ ബിജു മേനോൻ പ്രൊമോഷൻ പരിപാടികളിൽ നിന്ന് വിട്ടുനിന്നത് തിരിച്ചടിയായെന്നും നിർമ്മാതാവ് തുറന്നടിച്ചിരുന്നു. തികയാത്ത പണം കടംവാങ്ങി നിർമ്മിച്ച സിനിമയാണിത്. അതേസമയം വിജയചിത്രമായ 'സർവം മായ"യ്ക്ക് ട്രെയിലർ പോലും ഉണ്ടായിരുന്നില്ല. പ്രേക്ഷകർ അമിത പ്രതീക്ഷ വച്ചു പുലർത്തി കുറ്റം പറയരുതെന്നു കണക്കാക്കിയാകണം പ്രൊമോഷൻ പരിപാടികൾ കുറച്ചത്.
ഹിന്ദി സിനിമകൾ പാൻ ഇന്ത്യ റിലീസാണ്. നൂറു കണക്കിന് കേന്ദ്രങ്ങളിൽ റിലീസാകും. അതിനാൽ നിർമ്മാണത്തിന് ശതകോടികൾ പൊടിച്ചാലും ടിക്കറ്റ് ഇനത്തിൽ പത്തു ദിവസം കൊണ്ട് മുടക്കുമുതൽ പിരിഞ്ഞ് കിട്ടിയേക്കും. തെലുങ്ക്, തമിഴ് സിനിമകളുടെ കാര്യവും ഇത്തരത്തിലാണ്. വലിയ മേഖലയായതിനാൽ തിയ്യേറ്ററുകൾ ധാരാളമുണ്ട്. സിനിമ തിയ്യേറ്ററിൽത്തന്നെ പോയി കാണുന്ന സംസ്കാരവുമുണ്ട്. അതേസമയം കേരളമെന്ന 'ഠ" വട്ടത്തിൽ റിലീസ് കേന്ദ്രങ്ങൾ അധികമില്ല. അവിടെ ഒരുമാസമെങ്കിലും ഓടിയാലേ സിനിമയ്ക്ക് പ്രകടമായ ലാഭമുണ്ടാക്കാനാകൂ. നിർമ്മാണച്ചെലവ് കുതിച്ചുയർന്ന സിനിമകളാണെങ്കിൽ 50 ദിവസമെങ്കിലും ഓടേണ്ടിവരും. ദൗർഭാഗ്യവശാൽ സ്ഥിതി വ്യത്യസ്തമാണ്. മിക്ക സിനിമകളും ആദ്യ ആഴ്ച തന്നെ തകർന്നുവീഴുകയാണ്. പ്രതിഫലത്തിന്റെ കാര്യത്തിൽ പ്രമുഖ താരങ്ങൾ പുലർത്തുന്ന ആർത്തിയാണ് പ്രൊഡക്‌ഷൻ കോസ്റ്റ് കൂടാൻ പ്രധാന കാരണമായി നിർമ്മാതാക്കൾ പറയുന്നത്. അതിൽ സത്യമുണ്ടു താനും. നിർമ്മാണച്ചെലവിന്റെ 60% വരെ താരങ്ങളുടെ പ്രതിഫലമായി പോകുന്ന സ്ഥിതിയുണ്ട്. ഇതും സിനിമകൾ സാമ്പത്തികമായി പരാജയപ്പെടാൻ കാരണമാണ്. പല കരാർ വ്യവസ്ഥകളും കൊണ്ടുവന്നെങ്കിലും, ഒരു വിഭാഗം നിർമ്മാതാക്കൾ വളംവച്ചു കൊടുക്കുന്നതിനാൽ താരാധിപത്യം തുടരുകയും ചെയ്തുന്നു. പരസ്പരമുള്ള പാരവയ്പ്പും കുതികാൽവെട്ടുമാണ് സിനിമകൾ വീഴാനുള്ള മൂന്നാമതൊരു കാരണം.
സ്ഥിതി ഇതായിരിക്കേ സിനിമ നിലനിൽക്കണമെങ്കിൽ വിട്ടുവീഴ്ചകൾ എല്ലാ ഭാഗത്തും വേണം. അമിതലാഭത്തിനായി പടയോട്ടം നടത്തുന്നവർ സഹപ്രവർത്തകരുടെ അവസ്ഥ കൂടി ചിന്തിക്കണം. തിയ്യേറ്ററിൽ വീഴുന്ന മലയാള സിനിമകൾ പിടിച്ചു നിൽക്കുന്നത് ഒ.ടി.ടി, ഓവർസീസ് പ്രതീക്ഷയിലാണ്. പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ സിനിമകളുടെ ഗൾഫ് പ്രദർശനത്തിനു മേലാണ് കരിനിഴൽ വീഴുന്നത്. ഈ സാഹചര്യം സിനിമയിലുള്ളവർ തിരിച്ചറിയണം. അതിനാൽ അമിത നേട്ടം മുൻകൂർ നേടാനുള്ള 'പാട്രിയറ്റു"കാരുടെ നീക്കവും അതിന്റെ പേരിൽ സിനിമയ്ക്കു നേരെ തിരിച്ച തിയ്യേറ്ററുകാരുടെ മിസൈലുകളും പിൻവലിച്ച് രമ്യതയിലെത്തുകയാകും ഉചിതം.