17 വർഷത്തെ കാത്തിരിപ്പിന് വിരാമം നന്ദിയോട്- ആനാട് കുടിവെള്ള പദ്ധതി ഒന്നാം ഘട്ടം നാടിന് സമർപ്പിക്കും (IMPACT )

Friday 13 March 2026 1:56 AM IST

പാലോട്: പതിനേഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആനാട്,നന്ദിയോട് സമഗ്ര കുടിവെള്ള പദ്ധതി ഭാഗികമായി നാളെ കമ്മിഷൻ ചെയ്യും.2009ൽ മന്ത്രിയായിരുന്ന പ്രേമചന്ദ്രൻ അനുവദിച്ച 60കോടി ചെലവഴിച്ച് ആരംഭിച്ച പദ്ധതിയാണ് നന്ദിയോട് ആനാട് സമഗ്ര കുടിവെള്ള പദ്ധതി. രണ്ട് പഞ്ചായത്തുകളിലെയും 5000ത്തിലധികം വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണിത്. ആനാട്,നന്ദിയോട് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് കേരളകൗമുദി നിരവധി തവണ വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജല അതോറിട്ടി എ.ആർ.ഡബ്ലിയു.എസ്.എസ്, സ്റ്റേറ്റ് പ്ലാൻ പദ്ധതി എന്നിവയിൽ പൂർത്തിയാക്കിയ ആനാട്, കുറുപുഴ, പാലോട് വില്ലേജുകൾക്കു വേണ്ടിയുള്ള കുടിവെള്ള പദ്ധതിയുടെ പാലോടുള്ള ഇൻടേക്ക് വെൽകം പമ്പ് ഹൗസ്, 11,5എൽ.എൽ.ഡി ജല ശുദ്ധീകരണശാല, ആനക്കുഴി 10ലക്ഷം ലിറ്റർ ജലസംഭരണി, ജലവിതരണ ശൃംഖല, ആനാട്,നന്ദിയോട് പഞ്ചായത്തുകൾക്കായി വഞ്ചുവം കൂപ്പിൽ 6.25ലക്ഷം ലിറ്റർ ശേഷിയുള്ള ഗാർഹിക കുടിവെള്ള കണക്ഷനുകൾ, ജലശുദ്ധീകരണശാല,കിണർ പമ്പ്ഹൗസ്,റാവാട്ടർ പമ്പിംഗ്,മെയിൻ പൈപ്പ്‌ലൈൻ എന്നിവയുൾപ്പെടെയാണ് ഉദ്ഘാടനം ചെയ്യുന്നത്.

ജലസംഭരണികളിലേക്ക് ശുദ്ധീകരിച്ച ജലം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ,നന്ദിയോട് പഞ്ചായത്തിൽ 63കിലോമീറ്റർ ദൈർഘ്യത്തിൽ ജലവിതരണശൃംഖല സ്ഥാപിക്കൽ എന്നിവയാണുണ്ടായിരുന്നത്. നിലവിൽ പ്രവൃത്തികളെല്ലാം പൂർത്തിയായി.സ്റ്റോറേജ് പ്ലാന്റ്,എയർ ക്ലാരിയേറ്റർ,രണ്ട് ഫ്ളാഷ് മിക്സർ,ക്ലാരി ഫയർഫോക്കുലേറ്റർ, ജലശുദ്ധീകരണശാല എന്നിവയുടെ നിർമ്മാണവും പൂർത്തിയായി. നിലവിൽ ആനാട്ട് 2405,നന്ദിയോട്ട് 2248 കുടുംബങ്ങൾക്കും വെള്ളം ലഭ്യമാകുമെന്നാണ് കരുതുന്നത്.

ഉദ്ഘാടനം നാളെ

നാളെ വൈകിട്ട് 4ന് നന്ദിയോട് ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ ഡി.കെ.മുരളി എം. എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതി ഉദ്ഘാടനം ചെയ്യും.അഡ്വ.അടൂർ പ്രകാശ് എം.പി, അഡ്വ.എ.എ.റഹിം എം.പി എന്നിവർ മുഖ്യാതിഥികളാകും. ജല അതോറിട്ടി ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.