ഡാൻസ് കളിച്ചതല്ല, പട്ടം പറത്തുന്ന ആംഗ്യമാണത്: വൈറൽ വീഡിയോയ്ക്ക് പിന്നാലെ വിശദീകരണവുമായി ഒവൈസി

Monday 21 October 2019 11:42 AM IST

മുംബയ്: താൻ ഡാൻസ് ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ പ്രചരിക്കുന്നതിന് പിന്നാലെ വിശദീകരണവുമായി എ.ഐ.എം.ഐ.എം ദേശീയ അദ്ധ്യക്ഷൻ അസദുദീൻ ഒവൈസി. ഏതാനും ദിവസം മുൻപാണ് ഒവൈസി മഹാരാഷ്ട്രയിലുള്ള ഔറംഗാബാദിൽ നടത്തിയ ഒരു തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തന്റെ പ്രസംഗം അവസാനിപ്പിച്ച ശേഷം വേദിയിൽ നിന്നും ഇറങ്ങവേയാണ്, നൃത്തം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ അദ്ദേഹം അംഗചലനം നടത്തിയത്. ഇതാരോ മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത ശേഷം പ്രചരിപ്പിക്കുകയായിരുന്നു.

എന്നാൽ താൻ സ്റ്റേജിൽ നിന്നും ഇറങ്ങവേ നൃത്തം ചെയ്യുകയല്ലായിരുന്നുവെന്നും തന്റെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ 'പട്ടം' പറത്തുന്ന രീതി അനുകരിക്കുകയായിരുന്നുവെന്നുമാണ് ഒവൈസിയുടെ വിശദീകരണം. വീഡിയോയിൽ ആരോ പാട്ട് എഡിറ്റ് ചെയ്ത് ചേർത്തതായും ഒവൈസി ആരോപിക്കുന്നു.

' എല്ലാ തവണയും ഒത്തുകൂടുമ്പോൾ ഞങ്ങൾ പട്ടം പറത്തുന്ന രീതി ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാറുണ്ട്. ഇത് അവരിൽ ബോധവത്‌കരണം നടത്തുന്നതിന് വേണ്ടിയാണ് ചെയ്യുന്നത്. ആരോ ആ വീഡിയോ എഡിറ്റ് ചെയ്ത ശേഷം അതിൽ പാട്ട് ചേർത്തതാണ്. ഞാൻ നൃത്തം ചെയ്തു എന്നാണ് മാദ്ധ്യമങ്ങൾ പറയുന്നത്. ഇത് തെറ്റാണ്.' ഒവൈസി പറയുന്നു.

ഒവൈസിയുടെ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ലക്ഷക്കണക്കിന് പേർ കാണുകയും ഇക്കാര്യം നിരവധി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. അസദുദീൻ ഒവൈസിയുടേ എ.ഐ.എം.ഐ.എം പാർട്ടി മഹാരാഷ്ട്രയിൽ ഒട്ടുമിക്ക സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ഇന്നാണ് മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 10 മണിവരെ 5.79 മാത്രമായിരുന്നു വോട്ടിംഗ് ശതമാനം.