വിതുര- തൊടുപുഴ ബസ് സർവീസ് പുനരാരംഭിച്ചു

Friday 13 March 2026 1:05 AM IST

വിതുര: വിതുര-തൊടുപുഴ ബസ് സർവീസ് പുനരാരംഭിച്ചു. വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും തൊടുപുഴയിലേക്ക് സർവീസ് നടത്തിയിരുന്ന ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേരളകൗമുദി രണ്ടാഴ്ച മുൻപ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.തുടർന്ന് മന്ത്രി കെ.ബി.ഗണേശ് കുമാറും, ജി.സ്റ്റീഫൻ എം.എൽ.എയും പ്രശ്നത്തിൽ ബന്ധപ്പെടുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.

നേരത്തേ നെടുമങ്ങാട് കൊട്ടാരക്കര കോട്ടയം വഴിയാണ് തൊടുപുഴ ബസ് ഓടിയിരുന്നത്. ഇനി പാലോട്, പുനലൂർ, പത്തനംതിട്ട വഴിയാണ് സർവീസ്. വിതുരയിൽ നിന്നും രാവിലെ 5.30ന് പുറപ്പെടും. മികച്ച കളക്ഷനുമായി ജനോപകാരപ്രദമായി വർഷങ്ങളായി സർവീസ് നടത്തിയിരുന്ന സർവീസ് കൊവിഡ് സമയത്താണ് നി‌റുത്തിയത്. സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അനവധി തവണ എം.പിക്കും എം.എൽ.എക്കും നിവേദനങ്ങൾ നൽകിയിരുന്നു. ഇടയ്ക്ക് സർവീസ് പുനരാരംഭിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും യാഥാർത്ഥ്യമായില്ല.

വിതുര-ശാസ്താംകാവ്-തിരുവനന്തപുരം

സർവീസും പുനരാരംഭിക്കണം

കൊവിഡുകാലത്ത് നിറുത്തലാക്കിയ വിതുര ശാസ്താംകാവ് തിരുവനന്തപുരം ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. മുൻപ് നിറുത്തലാക്കിയ വിതുര കളിയിക്കാവിള ബസ് സർവീസും പുനരാരംഭിച്ചിട്ടില്ല. സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി മാസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് യാത്രക്കാർ.