കൊടിനട കച്ചേരിക്കുളത്ത് മാലിന്യം കുന്നുകൂടുന്നു
പുതിയ ഭരണസമിതി എത്തിയിട്ടും നടപടിയില്ല
ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണസമിതി അധികാരത്തിലേറിയിട്ടും ദേശീയപാതക്ക് സമീപം കൊടിനട കച്ചേരിക്കുളത്തെ മാലിന്യക്കൂനയ്ക്ക് പരിഹാരമായിട്ടില്ല. ബാലരാമപുരം പഞ്ചായത്ത് നേരിടുന്ന വെല്ലുവിളികളിലൊന്നാണ് മാലിന്യസംസ്കരണം. ശാശ്വതമായ പരിഹാരം കാണാത്തതോടെ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മാംസാവശിഷ്ടമുൾപ്പെടെ രാത്രികാലങ്ങളിൽ കൊണ്ടു തള്ളുകയാണ്. കൊടിനടയിൽ കച്ചേരിക്കുളത്താണ് സ്ഥിതി സങ്കീർണ്ണം. പഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതരോ ഹെൽത്ത് സ്ക്വാഡോ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതിയുണ്ട്.
ഉദ്യോഗസ്ഥ വൃന്ദത്തിന്റെ അനാസ്ഥയിൽ ബാലരാമപുരം ജംഗ്ഷനിലെ പല സ്ഥലങ്ങളും മാലിന്യകേന്ദ്രങ്ങളാവുകയാണ്. ഹോട്ടലുകളിലേയും വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിൽ നിന്നുമുള്ള മാലിന്യങ്ങൾ പാത്രിരാത്രിയിലാണ് ഈ ഭാഗത്ത് നിക്ഷേപിക്കുന്നത്. വർഷങ്ങളായി തുടരുന്ന മാലിന്യപ്രശ്നം മാറിമാറിവരുന്ന ഭരണസമിയും കണ്ടില്ലെന്ന് നടിക്കുകയാണ്. പഞ്ചായത്ത് വാർഷിക ബഡ്ജറ്റിലും വികസനപദ്ധതികൾ ഉൾപ്പെടുത്തിയില്ലെന്ന് കാണിച്ച്ബി.ജെ.പി കോൺഗ്രസ് മെമ്പർ ബഡ്ജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
പരിസരം വൃത്തിഹീനം
വാഹനം പാർക്ക് ചെയ്യാൻ വേണ്ടിയാണ് 2014ൽ കച്ചേരിക്കുളത്തെ നാല് സെന്റ് സ്ഥലം പഞ്ചായത്ത് വിട്ടുനൽകിയത്. എന്നാൽ വാഹനങ്ങൾ പാർക്ക് ചെയ്യാതായതോടെ സ്ഥലം മാലിന്യപ്പറമ്പായി മാറുകയായിരുന്നു. ഹരിതകർമ്മ സേന വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും പൊതുനിരത്തുകളിൽ വലിച്ചെറിയുന്ന ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിക്കാനോ അവ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുവാനോ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും നടപടിയില്ല. പറവകളും തെരുവ് നായ്ക്കളും മാംസാവശിഷ്ടങ്ങൾ കൊത്തിവലിച്ച് പരിസരമാകെ വൃത്തിഹീനമായ നിലയിലാണ്. അസഹ്യമായ ദുർഗന്ധം കാരണം വഴിയാത്രക്കാർക്ക് പോലും ഇതുവഴി നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.
ക്യാമറകൾ സ്ഥാപിക്കും
രണ്ട് ആഴ്ച്ച മുമ്പ് കച്ചേരിക്കുളത്തെ മാലിന്യം പൂർണമായി നീക്കം ചെയ്തുവെന്നാണ് പഞ്ചായത്ത് അവകാശപ്പെടുന്നത്. എന്നാൽ വീണ്ടും മാലിന്യക്കൂന രൂപപ്പെട്ടു. സി.സി.ടിവി ക്യാമറകൾ പ്രവർത്തന സജ്ജമല്ലാത്തതിനാൽ സാമൂഹ്യവിരുദ്ധരെ പിടികൂടാനും സാധിക്കുന്നില്ല. പഞ്ചായത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് പ്രദേശം മാലിന്യമുക്തമാക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീല പരാതിക്കാരെ അറിയിച്ചിരിക്കുന്നത്.