ബി.എസ്.എൻ.എൽ ഭവന് പിഴ ചുമത്തി

Thursday 12 March 2026 9:51 PM IST

കണ്ണൂർ: മാലിന്യ സംസ്‌കരണത്തിൽ വീഴ്ച്ച വരുത്തിയ കണ്ണൂർ തെക്കീബസാറിലെ ബി.എസ്.എൻ.എൽ ഭവന് പിഴ ചുമത്തി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ്.ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിക്കാതെ കൂട്ടിയിട്ട് കത്തിച്ചതിനാണ് 5000 രൂപ പിഴ ചുമത്തിയത്. ടെലഫോൺ ഭവൻ സമുച്ചയത്തിന്റെ പിറകുവശത്തായി ഇരുമ്പുകമ്പികൾ കൊണ്ട് കെട്ടിയുയർത്തിയ പ്രത്യേക നിർമ്മിതിയിൽ മാലിന്യം കത്തിക്കുന്നതായി സ്‌ക്വാഡ് കണ്ടെത്തി. കൂടാതെ കെട്ടിടത്തിന്റെ പരിസരത്ത് ട്യൂബ് ലൈറ്റ് തുടങ്ങിയ അപകടകരമായ മാലിന്യങ്ങളും അജൈവ മാലിന്യങ്ങൾക്കൊപ്പം കൂട്ടിയിട്ടിരുന്നു. മാലിന്യം കത്തിക്കാനായി സ്ഥാപിച്ച നിർമ്മിതി പൊളിച്ചു മാറ്റാനും സ്‌ക്വാഡ് നിർദേശം നൽകി.തുടർനടപടികൾ സ്വീകരിക്കാൻ കണ്ണൂർ കോർപ്പറേഷന് ജില്ലാ സ്‌ക്വാഡ് നിർദ്ദേശം നൽകി. പരിശോധനയിൽ എൻഫോഴ്സ്‌മെന്റ് ഓഫീസർ കെ.ആർ.അജയകുമാർ, സ്‌ക്വാഡ് അംഗം പി.എസ്. പ്രവീൺ,പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ആർ.ഫിയാസ് എന്നിവരും പങ്കെടുത്തു.