ഒന്നില്ല, അരലിറ്റർ മാത്രം, റേഷൻ മണ്ണെണ്ണ തർക്കം
ആലപ്പുഴ: ഈ മാസം റേഷണ കാർഡുടമകൾക്ക് ഒരുലിറ്റർ മണ്ണെണ്ണ വിതരണം ചെയ്യുമെന്ന സർക്കാർ വാഗ്ദാനം റേഷൻ വ്യാപാരികൾക്ക് തലവേദനയാകുന്നു. എല്ലാ വിഭാഗം റേഷൻ കാർഡുകാർക്കും ഒരുലിറ്റർ വീതം മണ്ണെണ്ണ നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും അത് വാക്കിൽ മാത്രേമേയുള്ളൂ. റേഷൻ കടകളിലെത്തിയത് അരലിറ്റർ വീതം നൽകാനുള്ള സ്റ്റോക്കാണ്. സർക്കാർ വാഗ്ദാനം കേട്ടെത്തിയവർ ഇതോടെ വ്യാപാരികളുമായി തർക്കത്തിലാകുന്നത് പതിവായി. വൈദ്യുതിയുള്ള കാർഡ് ഉടമകൾക്ക് മൂന്നുമാസത്തിലൊരിക്കൽ അര ലിറ്റർ മണ്ണെണ്ണയാണ് നൽകി വന്നിരുന്നത്. എന്നാൽ കേന്ദ്രമനുവദിച്ച മണ്ണെണ്ണ 31ന് മുമ്പ് ഉപയോഗിച്ചില്ലെങ്കിൽ നഷ്ടപ്പെടാനിടയുള്ളത് കണക്കിലെടുത്താണ് ഒരുലിറ്റർ നൽകുമെന്ന് ഭക്ഷ്യവകുപ്പ് പ്രഖ്യാപിച്ചത്. കാർഡുകളുടെ എണ്ണമനുസരിച്ച് വിഹിതമനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
മണ്ണെണ്ണ വാതിൽപ്പടി സേവനമാക്കി നൽകണമെന്ന കോടതിവിധി പോലും നടപ്പിലാകുന്നില്ലെന്നും വ്യാപാരികൾ പറയുന്നു. വാതിൽപ്പടി സേവനത്തിന്റെ ചെലവ് വ്യാപാരികൾ വഹിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. വാതിൽപ്പടി സേവനത്തിനുള്ള പണവും ചേർന്നാണ് മണ്ണെണ്ണ കമ്മീഷൻ നൽകുന്നതെന്നാണ് സർക്കാർ പറയുന്നത്.
ഒരു ലിറ്റർ മണ്ണെണ്ണ വിറ്റാൽ ഒരു വ്യാപാരിക്ക് ആറ് രൂപയാണ് ലഭിക്കുക. ഇതിൽ നിന്ന് വാതിൽപ്പടി സേവനത്തിനുള്ള പണവും നൽകണമെന്നത് അന്യായമാണെന്ന് ഇവർ പറയുന്നു. 3.20 രൂപയായിരുന്ന മണ്ണെണ്ണ കമ്മിഷൻ അടുത്തിടെയാണ് ആറ് രൂപയാക്കി വർദ്ധിപ്പിച്ചത്.
കമ്മിഷനെക്കാൾ കൂടുതൽ ചെലവ്
1. ഒരു റേഷൻ കടയ്ക്ക് 300 ലിറ്റർ മണ്ണെണ്ണയാണ് ശരാശരി അനുവദിക്കുന്നത്
2. റേഷൻ വ്യാപാരിക്ക് കമ്മിഷമായി ലഭിക്കുന്നത് ലിറ്ററിന് 6 രൂപയാണ്
3. 300 ലിറ്റർ മണ്ണെണ്ണ വിതരണം ചെയ്താൽ വ്യാപാരിക്ക് കിട്ടുന്നത് 1800 രൂപ
ജില്ലയിൽ എല്ലാ താലൂക്കുകളിലും മണ്ണെണ്ണ ഡിപ്പോകളില്ലാത്തതിനാൽ വലിയ ദുരിതത്തിലാണ് റേഷൻ വ്യാപാരികൾ. കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ മാത്രമാണ് മണ്ണെണ്ണ ഡിപ്പോകളുള്ളത്. കുട്ടനാട് താലൂക്കിലുള്ളവർ അമ്പലപ്പുഴയിൽ നിന്നും ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നുള്ള വ്യാപാരികൾ കാർത്തികപ്പള്ളിയിൽ നിന്നുമാണ് മണ്ണെണ്ണ ശേഖരിക്കേണ്ടത്. എ.എ.വൈ കാർഡുകൾക്ക് ഒരു ലിറ്ററും മറ്റ് കാർഡുകൾക്ക് അര ലിറ്റർ മണ്ണെണ്ണയുമാണ് അനുവദിച്ചിട്ടുള്ളത്.
മണ്ണെണ്ണ വിതരണം റേഷൻ വ്യാപാരികൾക്ക് എന്നും സാമ്പത്തിക ബാദ്ധ്യതയാണ്. വാതിൽപ്പടി വിതരണം നടപ്പിലാക്കി കൃത്യമായി സ്റ്റോക്ക് ലഭ്യമാക്കാൻ തയ്യാറാകണം
-എൻ. ഷിജീർ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി,
കേരള സ്റ്റേറ്റ് റീട്ടേയ്ൽ റേഷൻ ഡീലേഴ്‌സ് അസോ.