പാചകവാതക ക്ഷാമം രൂക്ഷം, ഹോട്ടലുകൾ പൂട്ടിത്തുടങ്ങി
കണ്ണൂർ: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ ലഭ്യത നിലച്ചതോടെ നാട്ടിലെ ഹോട്ടലുകൾ അടച്ചുപൂട്ടിത്തുടങ്ങി. കണ്ണൂർ നഗരത്തിൽ മാത്രം 10 ഹോട്ടലുകളാണ് എൽ.പി.ജി ക്ഷാമം മൂലം അടച്ചുപൂട്ടിയത്. നഗരത്തിൽ നിരവധി പേരുടെ വിശപ്പകറ്റുന്ന അമ്പാടി ഹോട്ടൽ ഇന്ന് മുതൽ ഉച്ചഭക്ഷണം ഒഴിവാക്കിയേക്കുമെന്ന സൂചന നൽകി നോട്ടീസ് പതിപ്പിച്ചു.
നഗരത്തിൽ കുറഞ്ഞനിരക്കിൽ ഭക്ഷണം വിതരണം ചെയ്യുന്ന ജനപ്രിയ ഹോട്ടലുകളിലൊന്നാണിത്. സർക്കാർ ജീവനക്കാരും യാത്രക്കാരും അതിഥി തൊഴിലാളികളുമെല്ലാം ഭക്ഷണം കഴിക്കാൻ ഈ ഹോട്ടലിനെയാണ് ആശ്രയിക്കുന്നത്. നഗരത്തിലെ പ്രമുഖ ഹോട്ടൽ ഒരു ദിവസം മാത്രം സ്്റ്റോക്കുള്ള പാചകവാതക സിലിണ്ടർ ഉപയോഗിക്കാതെ മറ്റൊരു ഹോട്ടലിൽ കൽക്കരി കത്തിച്ചാണ് പാചകം ചെയ്യുന്നത്. അറബിക്ക് ഭക്ഷണങ്ങളായ അൽഫാം, തന്തൂർ വിഭവങ്ങൾ മാത്രമാണ് കൊടുക്കുന്നത്. എൽ.പി.ജി ക്ഷാമം മൂലം മറ്റ് വിഭവങ്ങളെല്ലാം ഇവിടെ നിന്ന് ഒഴിവാക്കിയെന്നാണ് ഉടമകൾ പറയുന്നത്.
ഹോട്ടലുകൾ അടഞ്ഞുകിടക്കുന്നത് മറ്റ് മേഖലകളെ കൂടി ബാധിക്കുമെന്നാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസാസിയേഷൻ നൽകുന്ന വിശദീകരണം. ഹോട്ടലുകൾ അടച്ചുപൂട്ടിയാൽ അതിഥി തൊഴിലാളികളും ഓഫീസ് ജീവനക്കാരും യാത്രക്കാരും പ്രതിസന്ധിയിലാകും. പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറയുകയും, വിതരണം നിലയ്ക്കുകയും ചെയ്‌തോടെ ആശുപത്രികൾ,സ്‌കൂളുകൾ, ഹോസ്റ്റലുകൾ ഇവയെല്ലാം കടുത്ത പ്രതിസന്ധിയിലേക്ക് വീണിരിക്കുകയാണ്.
റസ്‌റ്റോറന്റുകൾ അടച്ചുപൂട്ടുന്നതോടെ ജില്ലയിൽ 20000 പേർക്ക് തോഴിൽ നഷ്ടമാകും. ജില്ലയിലെ 8000 ഹോട്ടലുകളിൽ തൊഴിലെടുക്കുന്നവരുടെ ആകെ എണ്ണമാണിത്. എൽ.പി.ജി ക്ഷാമം രൂക്ഷമായാൽ ഹോട്ടലുകളുടെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് വലിയ ദുരിതം നേരിടേണ്ടിവരും. പ്രതിസന്ധി കനത്താൽ ഹോട്ടൽ ജീവനക്കാരുടെ വരുമാനത്തെയാകെ ബാധിക്കും.
സ്‌കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങാതിരിക്കണം
പാചകവാതക സിലിണ്ടറുകളുടെ ലഭ്യത നിലച്ചതോടെ ഡി.ഡി.ഇ തലത്തിൽ എൻഎംഒമാരുടെ യോഗം ചേർന്നു. ഈ മാസം ഇനി 15 പ്രവൃത്തി ദിവസമാണുള്ളത്. പാചകവാതക സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കി സ്‌കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാനുള്ള മുൻകരുതലുകളും നടപടികളും സ്വീകരിച്ചതായാണ് വിവരം. നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന സിലിണ്ടർ എപ്പോഴാണ് ഉപയോഗിച്ച് തുടങ്ങിയെതെന്നും ഇനി എത്ര ദിവസം ഉപയോഗിക്കാൻ കഴിയും എന്ന് പാചകതൊഴിലാളികളോട് നിർദ്ദേശിച്ചിട്ടുണ്ട്.
വായ്പ തിരിച്ചടക്കാനാവാതെ ഉടമകൾ
ഹോട്ടലുകൾ തുടങ്ങാൻ ജില്ലയിൽ നിരവധി പേരാണ് വായ്പ എടുത്തത്. നിലവിലെ പ്രതിസന്ധി കാരണം ഹോട്ടലുകളുടെ പ്രവർത്തനം നിലച്ചാൽ സംരംഭകരെല്ലാം ഭീമമായ കടക്കെണിയിലേക്കായിരിക്കും വീഴും. ഇതിൽ മൂന്നരലക്ഷം രൂപ വരെ പ്രതിമാസം വായ്പ ഇനത്തിൽ അടക്കേണ്ടി വരുന്ന ഹോട്ടൽ സംരംഭകരുമുണ്ട്. പ്രതിസന്ധി വേഗത്തിൽ പരിഹരിക്കപ്പെടണമെന്നും നാട്ടിൽ സാമ്പത്തിക ഞെരുക്കും ഇല്ലാതാക്കണമെന്നും ഹോട്ടൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസാസിയേഷൻ വ്യക്തമാക്കി.
ഇഫ്താർ പാർട്ടികളും റദ്ദാക്കി
പാചകവാതക സിലിണ്ടറിന്റെ ക്ഷാമത്തിൽ ഇരുട്ടടിയേറ്റ് കാറ്ററിംഗ് സർവീസ് മേഖലയും. സിലിണ്ടറുകളും ക്ഷാമം രൂക്ഷമായതോടെ നാട്ടിലെ ഇഫ്താർ പാർട്ടികളും ഹോട്ടലുകൾ റദ്ദാക്കിയിട്ടുണ്ട്. നാട്ടിലെ സാമൂഹ്യ കൂട്ടായ്മ അടക്കം എൽപിജി ക്ഷാമം പിടികൂടാൻ തുടങ്ങി. നാട്ടിലെ ഭക്ഷ്യവിതരണ സ്ഥാപനങ്ങളുടെ ബഡ്ജറ്റിനെ താളം തെറ്റിക്കും വിധമാണ് എൽ.പി.ജി ക്ഷാമം ഇപ്പോൾ നാട്ടിൽ രൂക്ഷമായിട്ടുള്ളതെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.