മഴയെത്തും മുൻപേ ഉണർന്ന് കുട വിപണി

Friday 13 March 2026 12:21 AM IST

കിളിമാനൂർ: സ്കൂൾ വിപണിയിലെ പ്രധാനിയായിരുന്ന കുട വിപണി ഇത്തവണ വേനലിലെ ഉണർന്നു. ഇത്തവണ ചെറുമഴ ചാറും മുന്നേ കുട നിവർന്നത്,വേനലിൽ നിന്ന് രക്ഷ നേടാനായിരുന്നു. തീവെയിലിൽ പുറത്തിറങ്ങാൻ കുട വേണമെന്നതിനാൽ കച്ചവടം ഉഷാറാണ്.

രണ്ട് മാസം കഴിയുമ്പോൾ സ്കൂൾ തുറക്കും.മഴയും തുടങ്ങും.അപ്പോൾ വിപണി വീണ്ടും സജീവമാകുമെന്ന് വ്യപാരികൾ പറയുന്നു.ബാഗിൽ കൊണ്ടുനടക്കാവുന്ന രണ്ട്,മൂന്ന്,അഞ്ച് മടക്കുകളുള്ള കുടകളുണ്ടെങ്കിലും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ കാലൻ കുടകൾക്കാണ് പ്രിയം.

വലിപ്പം,നിറം,രൂപകല്പന എന്നിവയുടെ വൈവിദ്ധ്യത്താൽ കുടയിനങ്ങൾ നിരവധിയാണ്.

ഒരു കാലത്ത് യുവത്വം മാറ്റി നിറുത്തിയിരുന്ന കാലൻകുടകൾ തിരക്കിയാണ് കോളേജ് പിള്ളേർ ഉൾപ്പെടെ എത്തുന്നത്.വ്യത്യസ്തതയുമായി കാലൻ കുടകൾ ഇടംപിടിച്ചെങ്കിലും ആകർഷണീയമായ ഇത്തിരിക്കുഞ്ഞന്മാരും പിന്നിലല്ല. കാർബൺ ലൈറ്റ് എന്ന പേരിൽ അടുത്തിടെ വിപണിയിലെത്തിയ പുതിയ മോഡലിന് തൂക്കം വളരെ കുറവാണ്.ത്രീ ഫോൾഡ് കുടകളുടെ വിവിധ മോഡലകുളുമായി വൻകിട കമ്പനികളും കളംപിടിച്ചിട്ടുണ്ട്.

കുട്ടികളെ ആകർഷിക്കുന്നതിനായി കാർട്ടൂൺ കഥാപാത്രങ്ങളും കുടയുടെ രൂപത്തിലുണ്ട്.

ഒന്നരമാസം മുന്നേ കച്ചവടം ഉഷാറായതോടെ സീസണിൽ കച്ചവടം കുറയുമോയെന്ന ആശങ്ക വ്യാപാരികൾക്കുണ്ട്