കഴിഞ്ഞ വർഷം ജില്ലയിലെ നിരത്തുകളിൽ പൊലിഞ്ഞത് 247ജീവനുകൾ

Thursday 12 March 2026 10:23 PM IST

ആലപ്പുഴ: 2025ൽ ജില്ലയിലുണ്ടായ 3954 റോഡപകടങ്ങളിലായി ജീവൻ നഷ്ടപ്പെട്ടത് 247പേർക്ക്. അശ്രദ്ധമായ ഡ്രൈവിംഗാണ് പ്രധാന കാരണം. അപകടങ്ങളിൽപ്പെട്ടവയിൽ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്. മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾക്കും കുറവില്ല.

എന്നാൽ,​ റോഡിന്റെ ശോച്യാവസ്ഥകാരണമുള്ള അപകടങ്ങൾ താരതമ്യേന കുറവാണ്.

സൈക്കിൾ തുടങ്ങി എൽ.പി.ജി ടാങ്കർ ലോറികൾ വരെ അപകടത്തിന് കാരമായിട്ടുണ്ട്. 90 ശതമാനം അപകടങ്ങളും കാറുകളുടെ അശ്രദ്ധ മൂലമാണെന്ന് പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കുന്നതും, കാൽനട യാത്രക്കാരുടെ അശ്രദ്ധയും, തെരുവു നായകളും വാഹനാപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. ഉച്ച കഴിഞ്ഞ് മൂന്ന് മുതൽ രാത്രി ഒമ്പത് വരെയുള്ള സമയത്താണ് ഭൂരിഭാഗം അപകടങ്ങളും നടന്നിട്ടുള്ളത്. എന്നാൽ,​ ഒമ്പത് മുതൽ രാത്രി 12 വരെയുള്ള അപകടങ്ങളിലാണ് ഏറ്റവുമധികം മരണം സംഭവിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടായത് എറണാകുളം ജില്ലയിലാണ്. എറണാകുളം സിറ്റി, റൂറൽ എന്നിവിടങ്ങളിലായി 8,568 വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അംബുലൻസ്, സൈക്കിൾ, ഓട്ടോറിക്ഷ, കോളേജ് ബസ്, എസ്കോർട്ട് കാർ, ഫയർ എൻജിൻ, കെ.എസ്.ആർ.ടി.സി, സ്വകാര്യ, ടൂറിസ്റ്റ് ബസുകൾ തുടങ്ങി 57 തരം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

ജില്ലയിൽ

ആകെ അപകടങ്ങൾ: 3954

മരണം - 247

ഗുരുതരപരിക്ക് - 3001

നിസാര പരിക്ക്- 615

സംസ്ഥാനത്ത്

ആകെ അപകടങ്ങൾ: 60655

മരണം-3563

ഗുരുതരപരിക്ക്- 36245

നിസാര പരിക്ക്- 7575