കുട്ടികൾക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു
Friday 13 March 2026 1:03 AM IST
കട്ടപ്പന : ഇരട്ടയാർ പഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിൽപെട്ട കുട്ടികൾക്ക് ലാപ്‌ടോപ്പ് വിതരണം പ്രസിഡന്റ് രജനി കെ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലാപ്‌ടോപ്പുകൾ നൽകിയത്. ഡിജിറ്റൽ യുഗത്തിൽ പട്ടികജാതി കുട്ടികൾക്ക് ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്ത് ലാപ്‌ടോപ്പുകൾ അത്യാവശ്യമായി വരുന്ന സാഹചര്യത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇത് ആശ്വാസമാകും. പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ തെരഞ്ഞെടുത്ത എട്ട് വിദ്യാർഥികൾക്കാണ് ലാപ്‌ടോപ്പുകൾ നൽകിയത്. 2.5 രൂപയാണ് ഇതിനായി വകയിരുത്തിയത്. വൈസ് പ്രസിഡന്റ് റെജി ഇലിപുലിക്കാട്ട് അധ്യക്ഷനായി. മറ്റ് പഞ്ചായത്തംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.