വ്യാജരേഖ ആധാരം നൽകി ബാങ്കിനെ കബളിപ്പിച്ചു, 75 ലക്ഷം ലോൺ തട്ടിയ കേസിലെ രണ്ടാം പ്രതി പിടിയിൽ
ഒന്നും മൂന്നും പ്രതികൾ ഒളിവിൽ
തിരുവനന്തപുരം: വ്യാജ സർവേ നമ്പറും ലൊക്കേഷൻ സ്‌കെച്ചും രേഖപ്പെടുത്തിയ പ്രമാണം നൽകി ബാങ്കിനെ കബളിപ്പിച്ച് 75 ലക്ഷം രൂപ ലോണെടുത്ത കേസിലെ രണ്ടാം പ്രതി പിടിയിൽ. വെള്ളയമ്പലം ആൽത്തറ എസ്.ബി.ഐ ബ്രാഞ്ചിൽ തട്ടിപ്പ് നടത്തിയ കേസിൽ മലയിൻകീഴ്,വെള്ളൂകോട്ട് വൈഷ്ണവത്തിൽ രാജീവിനെയാണ് (45) മ്യൂസിയം പൊലീസ് അറസ്റ്റുചെയ്‌തത്. ഒന്നും മൂന്നും പ്രതികളായ അനുരാജ്,ദിനേശ് എന്നിവർ ഒളിവിലാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് : രാജീവ് ഏഴ് സെന്റ് വസ്‌തു അഞ്ചുലക്ഷം രൂപയ്ക്ക് ഒന്നാം പ്രതി അനുരാജിന് വിറ്റത്. അനുരാജ് ഈ വസ്തു 95 ലക്ഷം രൂപയ്ക്ക് ദിനേശിന് വിറ്റു. ദിനേശാണ് വസ്തു ബാങ്കിൽ പണയംവച്ച് 75 ലക്ഷം രൂപ എൻ.ആർ.ഐ ലോണെടുത്തത്. ലോൺ അടയ്‌ക്കാതെ വന്നപ്പോൾ ബാങ്ക് വസ്തു അറ്റാച്ച് ചെയ്യുന്നതിന് നടപടികൾ ആരംഭിച്ചപ്പോഴാണ് ഇങ്ങനെ ഒരു വസ്‌തുവില്ലെന്ന് മനസിലായത്.
പൊലീസിന്റെ അന്വേഷണത്തിൽ രാജീവിന്റെ അച്ഛൻ രാജപ്പൻ കൊടുത്ത രണ്ടര ഏക്കർ വസ്തു പ്ലോട്ടുകളാക്കി തിരിച്ചു വിറ്റശേഷം വഴിക്കായി കൊടുത്ത വസ്തുവിന് തണ്ടപ്പേർ പിടിച്ചു. ആ വഴി വസ്തുവായി കാണിച്ച് കരമടയ്‌ക്കുകയും വഴി വസ്‌തുവെന്ന് കാണിച്ച് ആധാരമാക്കി രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഈ ആധാരം ഉപയോഗിച്ചാണ് ലോണെടുത്തത്. ആധാരത്തിൽ പറഞ്ഞിരിക്കുന്ന വസ്തു പഞ്ചായത്ത് ടാർ ചെയ്ത വഴിയും ആധാരത്തിൽ പറഞ്ഞിട്ടുള്ള വീട് മലയിൻകീഴ് ക്ഷേത്രത്തിനു പുറകിൽ ഫെഡറൽ ബാങ്ക് അറ്റാച്ച് ചെയ്‌ത വസ്തുവും വീടുമാണെന്ന് കണ്ടെത്തി.
ഒന്നാം പ്രതിയായ അനുരാജിന് സമാനമായ തട്ടിപ്പ് കേസുകൾ അരുവിക്കര,കന്റോൺമെന്റ് പൊലീസ് സ്റ്റേഷനുകളിലുണ്ട്.
ടാക്‌സി സർവീസ്,വൻകിട കമ്പ്യൂട്ടർ കമ്പനികളുടെ സർവീസ് സെന്റർ എന്നിവയുള്ള ഇയാളുടെ പുളിമൂട്ടിലെ ഓഫീസ് മ്യൂസിയം പൊലീസ് പരിശോധിച്ചപ്പോൾ വിളപ്പിൽ ഗ്രാമപഞ്ചായത്തിന്റെയും വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും വിവിധ എംബസികളുടെയും വ്യാജ സീലുകൾ കണ്ടെടുത്തു. മ്യൂസിയം എസ്.എച്ച്.ഒ വിമൽ,എസ്.ഐമാരായ വിപിൻ,ജെയ്സൺ ജോസഫ്,സൂരജ്,സീനിയർ സി.പി.ഒമാരായ പത്മരാജ്,അജി,മനോജ്,അനൂപ്,ഷൈൻ,രാജേഷ്,ഉദയൻ,ഷിനി എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്‌തത്.
റവന്യൂ/ ബാങ്ക് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം
വഴി വസ്‌തുവായി രജിസ്റ്റർ ചെയ്‌ത സംഭവത്തിൽ റവന്യൂ ഉദ്യോഗസ്ഥർ സംശയനിഴലിലാണ്. വിശദമായ സ്ഥല പരിശോധന കൂടാതെ എങ്ങനെ ലോൺ നൽകിയെന്നത് ബാങ്ക് ഉദ്യോഗസ്ഥരെയും കുഴപ്പത്തിലാക്കിയിട്ടുണ്ട്. കാര്യങ്ങൾ വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. വൻ തട്ടിപ്പ് സംഘം ഇതിന് പിന്നിലുണ്ടെന്നാണ് പൊലീസ് നിഗമനം.