ഒ.ബി.സി ക്രീമിലെയർ: മാനദണ്ഡം സാമൂഹിക സ്ഥിതിയാകണം
ന്യൂഡൽഹി: ഉദ്യോഗാർത്ഥികൾ ഒ.ബി.സി ക്രീമിലെയറിലാണോ, നോൺ- ക്രീമിലെയറിലാണോയെന്ന് തീരുമാനിക്കാൻ രക്ഷിതാക്കളുടെ ശമ്പളമല്ല മാനദണ്ഡമാക്കേണ്ടതെന്ന് സുപ്രീംകോടതി. സാമൂഹിക സ്ഥിതിയാകണം മാനദണ്ഡം. സാമൂഹിക സ്ഥിതി രക്ഷിതാക്കളുടെ പദവി നോക്കിയാണ് തീരുമാനിക്കേണ്ടതെന്നും ശമ്പളം നോക്കിയാകരുതെന്നും ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, ആർ.മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. 2012ലെ സിവിൽ സർവീസ് പരീക്ഷയെഴുതിയ ഒ.ബി.സി ഉദ്യോഗാർത്ഥികൾക്ക് ആശ്വാസകരമായ നിലപാടാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായത്. സിവിൽ സർവീസ് പരീക്ഷയിൽ മികച്ച പ്രകടനം നടത്തിയിട്ടും ക്രീമിലെയർ പരിധിയിൽ തെറ്റായി ഉൾപ്പെടുത്തിയതിനാൽ ഒ.ബി.സി വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് നിയമനം നിഷേധിച്ചിരുന്നു. ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരളം, ഡൽഹി , തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ അതാത് ഹൈക്കോടതികളെ സമീപിച്ചു അനുകൂല വിധി നേടിയപ്പോൾ കേന്ദ്രം അപ്പീൽ നൽകി. ഈ അപ്പീൽ സുപ്രീംകോടതി തള്ളുകയായിരുന്നു.