എൽ.പി.ജി സിലിണ്ടറുമായി പാർല. വളപ്പിൽ പ്രതിഷേധം

Friday 13 March 2026 12:23 AM IST

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്നുള്ള പാചകവാതക ക്ഷാമം കേന്ദ്രസർക്കാരിന്റെ പിടിപ്പുകേടാണെന്ന് ആരോപിച്ച് പ്രതിപക്ഷം പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചു. എൽ.പി.ജി സിലിണ്ടറുകളുടെ മാതൃകകളുമായി നടത്തിയ പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേതൃത്വം നൽകി. പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാജ്യത്ത് എൽ.പി.ജി സിലിണ്ടറുകളും കണ്ടുകിട്ടാനില്ലെന്ന് രാഹുൽ പരിഹസിച്ചു. ജനം പരിഭ്രാന്തരാകരുതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. എന്നാൽ എപ്സ്റ്റീൻ ഫയൽ വിഷയവും യുഎസിലെ അദാനി കേസും കാരണം പ്രധാനമന്ത്രി പരിഭ്രാന്തനാണെന്നും രാഹുൽ പറഞ്ഞു. അദ്ദേഹത്തിന് സഭയ്ക്കുള്ളിൽ വരാൻ കഴിയുന്നില്ല. പ്രധാനമന്ത്രിയുടെ കസേര ഒഴിഞ്ഞുകിടക്കുകയാണ്. കോൺഗ്രസ്, ഡി.എം.കെ, തൃണമൂൽ, സമാജ്‌വാദി പാർട്ടി അടക്കം പ്രതിപക്ഷ കക്ഷികൾ പാർലമെന്റിന്റെ മകർ ദ്വാറിന് സമീപം നടത്തിയ പ്രതിഷേധത്തിൽ അണി ചേർന്നു. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ വനിതാ എംപിമാർ കൃത്രിമ ഇഷ്ടിക പാചക അടുപ്പുമായി ഇരുന്ന് സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. സസ്‌പെൻഷനിലുള്ള എട്ട് പ്രതിപക്ഷ എംപിമാരും പാചകവാതക ക്ഷാമം സൂചിപ്പിക്കുന്ന ബാനറുമായി മകർ ദ്വാറിന്റെ പടിയിൽ പ്രതിഷേധിച്ചപ്പോൾ രാഹുൽ ഗാന്ധിയും പങ്കെടുത്തു. എംപിമാർക്കൊപ്പം അദ്ദേഹം ചായയും ബിസ്‌ക്കറ്റും കഴിച്ചത് ചൂണ്ടിക്കാട്ടി ബി.ജെ.പി എംപി നിഷികാന്ത് ദുബേ പരിഹസിച്ചു. ചിലർ പാർലമെന്റിന്റെ പിക്‌നിക് സ്‌പോട്ട് ആക്കിയെന്നായിരുന്നു പരിഹാസം.