ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയെന്ന്; മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച്
Friday 13 March 2026 12:33 AM IST
തൃശൂർ: ഡിജിറ്റൽ റീ സർവേയുമായി ബന്ധപ്പെട്ട് ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് കണ്ടെത്തിയ വിജിലൻസ് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടും റവന്യൂ വകുപ്പ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രി കെ.രാജന്റെ മണ്ണുത്തിയിലെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. അഴിമതിയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് വന്നിട്ടും റവന്യൂ മന്ത്രി മൗനം പാലിക്കുന്നത് ദുരൂഹതയുളവാക്കുന്നതാണെന്ന് ഷാജി കോടങ്കണ്ടത്ത് പറഞ്ഞു. ഒല്ലൂർ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ചെയർമാൻ ജോണി ചിറയത്ത് അദ്ധ്യക്ഷത വഹിച്ചു. മാർച്ചിൽ നിയോജകമണ്ഡലം കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.