സ്വരാജ് റൗണ്ടിനു ബി.എം.ബി.സി തിളക്കം

Friday 13 March 2026 12:36 AM IST
ബി.എം.ബി.സി പുനരുദ്ധാരണ പദ്ധതി മേയർ ഡോ.നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: സ്വരാജ് റൗണ്ടിന്റെ ബി.എം.ബി.സി പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിച്ചു. ഏകദേശം 16 വർഷങ്ങൾക്ക് മുമ്പാണ് സ്വരാജ് റൗണ്ടിൽ ഇതിനുമുമ്പ് ബി.എം.ബി.സി ടാറിംഗ് നടത്തിയത്. കൃത്യമായ അറ്റകുറ്റപ്പണികൾ നടക്കാത്തതിനെ തുടർന്ന് റോഡിന്റെ പല ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടിരുന്നു. മുൻ ഭരണസമിതിയുടെ കാലത്ത് കുഴികൾ പോലും അടയ്ക്കാത്തതിൽ വൻ പ്രതിഷേധമുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് നടന്ന അതേ ഗുണമേന്മയിൽ തന്നെ ടാറിംഗ് നടത്താനാണ് തീരുമാനം. പദ്ധതിയുടെ ഉദ്ഘാടനം മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിച്ചു.ഡെപ്യൂട്ടി മേയർ എ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കോർപറേഷന്റെ ചെയർപേഴ്‌സൺമാരായ ടി.ആർ. സന്തോഷ്, അഡ്വ. വില്ലി ജിജോ, ജേക്കബ് പുലിക്കോട്ടിൽ, കരോളി ജോഷ്വാ, ഷീന ചന്ദ്രൻ, കെ.ഗോപാലകൃഷ്ണൻ, മേഫിഡെൽസൻ, കൗൺസിലർമാരായ പൂർണിമ സരേഷ്, രഘുനാഥ്.സി. മേനോൻ, വിഭിത വാസു, കെ.സമേഷ്, ഹരീഷ് സി.എം, പോളി ജോസ്, കോർപ്പറേഷൻ സെക്രട്ടറി ഷിബു.വി.പി, സൂപ്രണ്ട് എൻജിനീയർ ഷൈബി ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.

ബി.എം.ബി.സി

ബി.എം.ബി.സി (ബിറ്റുമെൻ മെക്കാഡം ബിറ്റുമിനസ് കോൺക്രീറ്റ്) എന്നത് റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയാണ്. മെക്കാഡം (ബി.എം), ബിറ്റുമിനസ് കോൺക്രീറ്റ് (ബി.സി) എന്നീ രണ്ട് പാളികളായി ബിറ്റുമെൻ ഉപയോഗിച്ചാണ് നിർമ്മാണം. സാധാരണ ടാറിംഗിനേക്കാൾ കൂടുതൽ കാലം കേടുപാടുകൾ കൂടാതെ നിലനിൽക്കും. നിരപ്പായ ഉപരിതലം നൽകുന്നതിനാൽ വാഹനയാത്ര സുഖകരമാകും. വെള്ളം റോഡിലേക്ക് ഇറങ്ങാത്തതിനാൽ മഴക്കാലത്ത് കുഴികൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ദേശീയപാതകൾ, പ്രധാന ജില്ലാ റോഡുകൾ, മലയോര ഹൈവേകൾ എന്നിവ ബി.എം ബിസി നിലവാരത്തിലാണ് നിർമ്മിക്കുന്നത്.

പദ്ധതിയുടെ സവിശേഷതകൾ:

ചെലവ്: 3.5 കോടി രൂപ. ദൂരം: 2 കിലോമീറ്ററോളം ഭാഗം. നിലവാരം: ബി.എം.ബി.സി നിലവാരത്തിൽ