കുഴൽകിണർ കുഴിക്കുന്നതിലെ തർക്കം; മക്കളുമായി കിണറ്റിൽ ചാടി യുവതി: മൂന്ന് മരണം

Friday 13 March 2026 4:04 PM IST

ഹൈദരാബാദ്: കടബാദ്ധ്യതയെത്തുടർന്നുണ്ടായ കുടുംബവഴക്കിൽ മക്കളോടൊപ്പം കിണറ്റിൽ ചാടിയ യുവതിയും രണ്ട് പെൺമക്കൾക്കും ദാരുണാന്ത്യം. യുവതിക്കൊപ്പം ചാടിയ മകൻ അത്ഭുതകരമായി രക്ഷപ്പെട്ടു. തെലങ്കാനയിലെ മഹബൂബ് നഗർ ജില്ലയിലാണ് ദാരുണ സംഭവം. ജംഗമ്മ എന്ന യുവതിയും രണ്ട് പെൺമക്കളുമാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇവരുടെ ഇളയ മകൻ നാട്ടുകാരുടെ സമയോചിത ഇടപെടലിൽ രക്ഷപ്പെട്ടു

കൃഷിക്കായി എടുത്ത കടവും തുടർച്ചയായി കുഴൽകിണർ കുത്തുന്നതിലെ പരാജയവുമാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. ജംഗമ്മയുടെ ഭർത്താവ് ഭീരയ്യ അടുത്തിടെ ഒരു കുഴൽകിണർ കുഴിച്ചിരുന്നു. എന്നാൽ അതിൽ വെള്ളം ലഭിച്ചിരുന്നില്ല. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച രണ്ടാമതും കുഴൽ കിണർ കുത്താൻ ഇയാൾ തീരുമാനിക്കുകയായിരുന്നു.

സാമ്പത്തിക ഞെരുക്കമുള്ളതിനാൽ വീണ്ടും പുതിയ കുഴൽ കിണർ കുഴിക്കരുതെന്ന് ജംഗമ്മ ആവശ്യപ്പെട്ടു. ഇതിനെച്ചൊല്ലി ദമ്പതികൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിൽ മനംനൊന്താണ് ജംഗമ്മ മക്കളുമായി കൃഷിയിടത്തിലെ കിണറ്റിൽ ചാടി ജീവനൊടുക്കിയത്. കിണറ്റിൽ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഭർത്താവിനെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.