പടം എട്ടുനിലയിൽ പൊട്ടി, ഉത്തരവാദി ആ മാദ്ധ്യമപ്രവർത്തകനെന്ന് കങ്കണ,കാരണം...

Monday 21 October 2019 3:21 PM IST

ഒരു സിനിമ പരാജയമായാൽ അത്ര പെട്ടെന്നൊന്നും അത് സമ്മതിച്ചു തരാൻ സിനിമാക്കാർ തയാറാകില്ല. എന്നാൽ, നടി കങ്കണ കഴിഞ്ഞ ദിവസം ആ പതിവും തെറ്റിച്ചു. രാജ്കുമാർ റാവുവിനൊപ്പം താൻ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം 'ജഡ്ജ്മെന്റൽ ഹെ ക്യാ' വമ്പൻ പരാജയമായിരുന്നു എന്ന് സമ്മതിച്ചിരിക്കുകയാണ് താരം. അതിനുള്ള കാരണവും താൻ തന്നെയാണെന്നാണ് കങ്കണ പറയുന്നത്.

പ്രമുഖ മാദ്ധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ ആദ്യ പ്രമോഷൻ പരിപാടിക്കിടെ ഒരു മാദ്ധ്യമ പ്രവർത്തകനുമായി കങ്കണ വലിയ വാക്കേറ്റം നടത്തിയിരുന്നു. ഇതേ തുടർന്ന് ചിത്രത്തിന്റെ പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടു നിൽക്കാൻ മാദ്ധ്യമപ്രവർത്തകർ തീരുമാനിച്ചു. ഇതാണ് ആ സിനിമയ്ക്ക് സംഭവിച്ചതെന്നാണ് കങ്കണ പറയുന്നത്. കങ്കണയുടെ ആദ്യ സംവിധാന സംരംഭമായ മണി കർണികയുമായി ബന്ധപ്പെട്ടു വന്ന ചോദ്യത്തിനാണ് താരം പ്രകോപനപരമായ മറുപടി നൽകുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തത്.

താൻ നിർമാതാവായാൽ ആദ്യം തന്നെ ചെറിയ സിനിമകളെടുക്കും. അതിനു ശേഷം മാത്രമേ ഒരു ബിഗ് പ്രോജക്ടിലേക്ക് കടക്കുകയുള്ളൂവെന്നും താരം പറയുന്നു. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് കങ്കണ ഇപ്പോൾ അഭിനയിക്കുന്നത്. എ.എൽ വിജയ് സംവിധാനം ചെയ്യുന്ന തലൈവി എന്ന് പേരിട്ടിരിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുക. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപുള്ള ജയലളിത എന്ന നടിയെയും ജീവിതത്തെയുമാകും ആദ്യ ഭാഗത്തിൽ അവതരിപ്പിക്കുകയെന്നും കങ്കണ പറഞ്ഞു.