യുദ്ധം മരുന്നുകൾക്ക് വില കൂട്ടിയേക്കും
അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട ഇസ്രയേൽ- ഇറാൻ യുദ്ധം എന്ന് അവസാനിക്കുമെന്നത് നിശ്ചയമില്ലാതെ തുടരവേ,ഇന്ത്യയിൽ മരുന്നുകളുടെ നിർമ്മാണത്തിന് ആവശ്യമായ രാസചേരുവകളുടെയോ, പ്രധാന അസംസ്കൃത വസ്തുക്കളുടെയോ വിലയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 30 ശതമാനം വർദ്ധനവാണ് ഉണ്ടായത്. യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം കണ്ടെയ്നർ കപ്പലുകളുടെ ദൗർലഭ്യം മൂലം ചരക്കു നീക്കം കുത്തനെ കുറഞ്ഞതാണ് കാരണം. ചൈനയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ വരവ് കുറഞ്ഞതും പ്രതിസന്ധിയുണ്ടാക്കുമെന്ന് ഇന്ത്യൻ ഡ്രഗ്സ് മനുഫാക്ചേഴ്സ് അസോസിയേഷൻ സൂചിപ്പിച്ചിട്ടുണ്ട്. പ്രാദേശിക മരുന്ന് ഉത്പാദനത്തെ ബാധിക്കാനും മരുന്നുവില വർദ്ധിക്കാനും ഇത് കാരണമാകാം.
ഇന്ത്യയിൽ 935-ലധികം അവശ്യ മരുന്നുകളുടെയും 3,600-ലധികം പുതിയ മരുന്നുകളുടെയും ഉപകരണങ്ങളുടെയും വില നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി നിയന്ത്രിക്കുന്നുണ്ട് . കാൻസർ, ഹൃദ്രോഗം, പ്രമേഹം, ആന്റിബയോട്ടിക് ഫോർമുലേഷനുകൾ എന്നിവയും കാൽമുട്ട് ഇംപ്ലാന്റുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളും വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തിയതിനാൽ ഇവയ്ക്ക് വില വർദ്ധിപ്പിക്കുവാൻ കേന്ദ്ര പെട്രോളിയം - രാസവകുപ്പിന്റെ അനുമതി വേണം. അനുമതി കമ്പനികൾക്ക് ലഭിച്ചില്ലെങ്കിൽ ജീവൻരക്ഷാ മരുന്നുകളുടേയും ശസ്ത്രക്രിയാ ഉപകരണങ്ങളുടേയും ക്ഷാമത്തിനും വഴിയൊരുങ്ങാം.
ചില പ്രധാന അസംസ്‌കൃത വസ്തുക്കളുടെ വില 60 ശതമാനത്തിൽ കൂടുതൽ ഉയർന്നിട്ടുണ്ട്. ഡിസംബറിലേതിൽ നിന്ന് ഗ്ലിസറിൻ വില 64 ശതമാനം വർദ്ധിച്ചപ്പോൾ, പാരസെറ്റമോൾ വില 26 ശതമാനം വർദ്ധിച്ചു. യുദ്ധസംഘർഷം ആഗോള എണ്ണ വിതരണത്തെ ബാധിച്ചതിനാൽ പെട്രോകെമിക്കലുകളിൽ നിന്ന് നിർമ്മിച്ച ഫാർമസ്യൂട്ടിക്കൽ ലായകങ്ങളുടെ വില ഒരാഴ്ചയ്ക്കുള്ളിൽ 20-30 ശതമാനം വർദ്ധിക്കുവാൻ കാരണമായി. യുദ്ധം ഇനിയും നീണ്ടുപോവുകയും, അസംസ്കൃത വസ്തുക്കൾക്ക് ക്ഷാമവും വിലക്കയറ്റവും ഉണ്ടാവുകയും ചെയ്താൽ, അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് മരുന്നുവില നിയന്ത്രണ ചട്ടങ്ങളിൽ അയവുവരുത്തി മരുന്നുകൾക്ക് വില കൂട്ടിനൽകണമെന്നാണ് ഫാർമ വ്യവസായികളുടെ ആവശ്യം.
(ഫാർമസിസ്റ്റ് ആണ് ലേഖകൻ)