സിലിണ്ടർ കിട്ടാൻ നെട്ടോട്ടം ക്ഷാമകാലത്ത് ആശ്വാസം സിറ്റി ഗ്യാസ്

Friday 13 March 2026 9:29 PM IST

കണ്ണൂർ : ഗാർഹിക സിലിണ്ടർ ക്ഷാമകാലത്ത് ആശ്വാസമായി സിറ്റി ഗ്യാസ് പദ്ധതി. വീടുകളിൽ നേരിട്ട് പാചകവാതകമെത്തിക്കുന്ന സിറ്റി ഗ്യാസിന് പതിനായിരത്തോളം ഉപഭോക്താക്കളാണ് ജില്ലയിലുള്ളത്. നിലവിൽ പദ്ധതിയിൽ 15,000 പേരാണ് അപേക്ഷർ.ദിനംപ്രതി പുതിയ അപേക്ഷകൾ എത്തുന്നതായും അധികൃതർ പറഞ്ഞു.

കൂടാളി പഞ്ചായത്തിലാണ് പദ്ധതി വഴി ആദ്യം വീടുകളിൽ കണക്ഷൻ നൽകിയത്. തുടർന്ന് കണ്ണൂർ കോർപറേഷനിലെ ചേലോറ, എളയാവൂർ ഡിവിഷനുകളിലും നൽകി. വളപട്ടണം വരെയും മുഴപ്പിലങ്ങാടുവരെയും മെയിൻ ലൈൻ ഇതിനകം പൂർത്തിയായി. ഈ വർഷം ഡിസംബറോടെ അയ്യായിരം കണക്ഷൻകൂടി ലഭ്യമാക്കാനുള്ള പ്രവർത്തനമാണ് പുരോഗമിക്കുന്നത്. ജില്ലയിൽ 17 വാണിജ്യ സ്ഥാപനങ്ങളും സിറ്റി ഗ്യാസ് ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്.നഗരത്തിലും സമീപപ്രദേശങ്ങളിലും പൂർണമായി വീടുകളിൽ കണക്ഷൻ ലഭ്യമാക്കുന്നതിനാണ് മെയിൻ ലൈൻ പൂർത്തിയാക്കുന്നത്.സിറ്റി ഗ്യാസ് വഴിയുള്ള പാചകവാതകം 9500 വീടുകളിലാണ് ഉപയോഗിക്കുന്നത്. അഞ്ഞൂറോളം വീടുകളിൽ പൈപ്പിട്ടുകഴിഞ്ഞു. കണക്ഷൻ നൽകുന്നതിനുള്ള അവസാന പ്രവൃത്തികളാണ് ബാക്കി. ഇതിനുപുറമെ 2500 വീടുകളിൽ കണക്ഷൻ ലഭിച്ചെങ്കിലും ഇവർ ഉപയോഗിക്കാൻ തുടങ്ങിയിട്ടില്ല.

രണ്ടുമാസത്തേക്ക് 1200-1300 നിരക്ക്

രണ്ട് മാസം കൂടുമ്പോൾ 1200-1300 രൂപയായിരിക്കും ചിലവ് വരിക. ഉപയോഗത്തിനനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകും. മീറ്റർ റീഡിംഗ് അനുസരിച്ച് രണ്ട് മാസം കൂടുമ്പോഴാണ് ബില്ല് തയാറാക്കുന്നത്.പദ്ധതിയിൽ പെപ്പിലൂടെ നേരിട്ട് ഗ്യാസ് എത്തുന്നതിനാൽ സിലിണ്ടറുകൾ മാറ്റേണ്ടി വരുന്നില്ല.പദ്ധതി ഫ്ലാറ്റുകളിൽ കൂടി വ്യാപിക്കാൻ തീരുമാനിച്ചതോടെ പദ്ധതിയുടെ സ്വീകാര്യത വർദ്ധിച്ചിട്ടുണ്ട്.സുരക്ഷിതമായ പോളി എത്തിലിൻ പൈപ്പ് ഉപയോഗിച്ചാണ് വീടുകളിൽ പാചകവാതകമെത്തിക്കുന്നത്. തടസ്സമില്ലാതെ പാചകവാതകം ലഭ്യമാകുമെന്നതാണ് പദ്ധതിയുടെ സവിശേഷത. മേലെചൊവ്വയിൽനിന്ന് മുഴപ്പിലങ്ങാടുവരെയും വളപട്ടണംവരെയും നിലവിലുള്ള ദേശീയപാതയിലൂടെയാണ് സിറ്റി ഗ്യാസ് മെയിൻ പൈപ്പ് ലൈൻ. ഇതിന് സമീപപ്രദേശങ്ങളിലേക്കുള്ള അനുബന്ധ പൈപ്പിടലും ഉടൻ ആരംഭിക്കും. മെയിൻ ലൈൻ കടന്നുപോകുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അപേക്ഷകർക്കും അടുത്ത വർഷത്തോടെ കണക്ഷൻ നൽകാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

70 ശതമാനം ഹോട്ടലുകളും അടച്ചു

ജില്ലയിൽ ഇന്നലെ 70 ശതമാനത്തോളം ഹോട്ടലുകളുടെ പ്രവർത്തനം നിലച്ചു.പല ഹോട്ടലുകളും ഭക്ഷണം ഒന്നോ രണ്ടോ നേരത്തേക്കായി ചുരുക്കി.വിഭവങ്ങളും വെട്ടിച്ചുരുക്കി.വലിയ പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നതെന്ന് ഹോട്ടലുടമകൾ പറഞ്ഞു.വീടുകളിലെയും സ്ഥിതി വ്യത്യസ്തമല്ല.നിലവിൽ ഗ്രാമീണ മേഖലയിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാനുള്ള സമയപരിധി 45 ദിവസമാക്കിയിട്ടുണ്ട്.ഇതറിയാതെ പലരും ഗ്യാസ് ഏജൻസികളിലേക്ക്

തുടർച്ചയായി വിളിക്കുന്നുമുണ്ട്.