മെഡി.ആശുപത്രിയിൽ 3 പുതിയ പുനരധിവാസ ക്ലിനിക്കുകൾ തുടങ്ങി
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (പി.എം.ആർ) വിഭാഗത്തിൽ പുതുതായി മൂന്ന് സ്പെഷ്യൽ ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചു. ഒ.ബീ.സി.റ്റി ക്ലിനിക്ക്, റ്യൂമറ്റോളജി റീഹാബിലിറ്റേഷൻ ക്ലിനിക്ക്, ഓങ്കോളജി റീഹാബിലിറ്റേഷൻ ക്ലിനിക്ക് എന്നിവയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ.ബി.പത്മകുമാർ നിർവഹിച്ചു. അമിതവണ്ണവും അനുബന്ധ ശാരീരിക ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനായുള്ള പ്രത്യേക ചികിത്സാ സൗകര്യം ഇനി മുതൽ എല്ലാ തിങ്കളാഴ്ചകളിലും ഒ.ബീ.സി.റ്റി ക്ലിനിക്കിൽ ലഭ്യമാകും. വാതരോഗ ബാധിതർക്കുള്ള പുനരധിവാസ ക്ലിനിക്ക് ബുധനാഴ്ചകളിലും, ക്യാൻസർ ചികിത്സ കഴിഞ്ഞവർക്ക് ജീവിതത്തിലേക്ക് മടങ്ങിവരാൻ സഹായിക്കുന്ന ഓങ്കോളജി റീഹാബിലിറ്റേഷൻ ക്ലിനിക്ക് വ്യാഴാഴ്ചകളിലും പ്രവർത്തിക്കും. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.എ.ഹരികുമാർ അദ്ധ്യക്ഷനായി. ആർ.എം.ഒ ഡോ.എൽ. ലക്ഷ്മി, വിവിധ വകുപ്പ് മേധാവികൾ, ഡോക്ടർമാർ എന്നിവർ പങ്കെടുത്തു. സാധാരണക്കാരായ രോഗികൾക്ക് മെച്ചപ്പെട്ട പുനരധിവാസ ചികിത്സ കുറഞ്ഞ ചെലവിൽ ലഭ്യമാക്കാൻ ഈ ക്ലിനിക്കുകൾ സഹായകരമാകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പ്രവർത്തന വിവരങ്ങൾ ഒറ്റനോട്ടത്തിൽ: ഒബീസിറ്റി ക്ലിനിക്ക്: തിങ്കളാഴ്ച. റ്യൂമറ്റോളജി ക്ലിനിക്ക്: ബുധനാഴ്ച. ഓങ്കോളജി ക്ലിനിക്ക്: വ്യാഴാഴ്ച. സമയം: രാവിലെ 9 മുതൽ പി.എം.ആർ വിഭാഗം ഒ.പിയിൽ.