ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾ കടത്തിവിടും, അടുത്ത സുഹൃത്തെന്ന് ഇറാൻ

Saturday 14 March 2026 12:47 AM IST

ന്യൂഡൽഹി: ഇന്ത്യ അടുത്ത സുഹൃത്താണെന്നും ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് കപ്പലുകൾ സുരക്ഷിതമായി കടത്തിവിടുമെന്നും ഇറാൻ. കപ്പലുകൾ ആക്രമിക്കില്ലെന്ന ഉറപ്പ് ഇന്ത്യക്ക് ഏറെ ആശ്വാസമാണ്. ഹോർമുസ് വഴി ചരക്കുനീക്കം നിലച്ചതോടെ എൽ.പി.ജി ക്ഷാമം രാജ്യത്ത് രൂക്ഷമായി. കൂടുതൽ ക്രൂഡ് ഓയിൽ റഷ്യയിൽ നിന്ന് ഇറക്കുകയുമാണ് ഇന്ത്യ. ഇന്ത്യയിലേക്കുള്ള രണ്ട് കപ്പലുകൾക്ക് കഴിഞ്ഞ ദിവസം ഇളവു നൽകിയിരുന്നു.

വ്യാഴാഴ്‌ച രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയനുമായും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഘ്ചിയുമായും ടെലിഫോണിൽ സംസാരിച്ചിരുന്നു. പിന്നലെയാണ് ഇറാൻ അനുകൂല നിലപാടെടുത്തത്.

വരും ദിവസങ്ങളിൽ ഇന്ത്യയിലേക്കുള്ള കപ്പലുകളെല്ലാം കടത്തിവിടുമെന്ന് ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി ഇന്നലെ ഡൽഹിയിൽ അറിയിക്കുകയായിരുന്നു. ഇന്ത്യയും ഇറാനും പൊതുതാത്‌പര്യങ്ങൾ പങ്കിടുന്നുണ്ട്. ഇന്ത്യ വിവിധ മേഖലകളിൽ ഇറാനെ സഹായിച്ചിട്ടുണ്ടെന്നും ഫത്താലി പറഞ്ഞു. ഇറാനുമേൽ യു.എസ്, ഇസ്രയേൽ ആക്രമണം രൂക്ഷമായതോടെയാണ് ഹോർമുസ് അടച്ചത്. വിലക്ക് ലംഘിച്ച് കടന്നുവന്ന വിവിധ രാജ്യങ്ങളുടെ 18 കപ്പലുകൾ ഇറാൻ ഇതിനകം തകർത്തിട്ടുണ്ട്. ഇന്ത്യയിലേക്ക് ചരക്കുമായി വന്ന തായ്‌ലൻഡ് കപ്പലും ഇതിൽപ്പെടുന്നു.

ഇന്ത്യയിലേക്ക് വരുന്ന കപ്പലുകൾക്ക് സുരക്ഷിത വഴി ഒരുക്കണമെന്ന് സംഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും അറിയിച്ചു. എല്ലാ പ്രശ്നങ്ങളും സംഭാഷണത്തിലൂടെ പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാടും പ്രധാനമന്ത്രി ധരിപ്പിച്ചു.

ഒമാനിൽ 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടു

ഒമാനിലെ സോഹർ നഗരത്തിന് നേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. പത്ത് ഇന്ത്യക്കാർ അടക്കം 11 പേർക്ക് പരിക്കേറ്റു. സോഹറിൽ അൽ അവാഹി വ്യാവസായിക മേഖലയിലേക്കാണ് ഡ്രോൺ പതിച്ചത്. മറ്റൊരു ഡ്രോൺ സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് പതിച്ചു. പരിക്കേറ്റവരിൽ അഞ്ച് പേർ ആശുപത്രി വിട്ടെന്നും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാന്റെ ഡ്രോണാക്രമണത്തിൽ അമേരിക്കൻ എണ്ണ ടാങ്കറിലെ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടിരുന്നു. മാർച്ച് 11 ന് രാത്രി ഇറാഖി സമുദ്രാതിർത്തിയിൽ അക്രമിക്കപ്പെട്ട സഫീസിയ വിഷ്ണു എന്ന കപ്പലിലെ 15 ഇന്ത്യൻ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു.

ഹോർമുസിൽ ഇതുവരെ

 ആക്രമിക്കപ്പെട്ട കപ്പലുകൾ - 18

 കൊല്ലപ്പെട്ട നാവികർ - 8 (ഇന്ത്യക്കാർ 3)

 കാണാതായവർ - 7 (ഒരാൾ ഇന്ത്യക്കാരൻ)