സുപ്രീംകോടതി നിരീക്ഷണം , ആർത്തവ അവധി തൊഴിൽ അവസരം നഷ്ടപ്പെടുത്തും
ന്യൂഡൽഹി: ആർത്തവ അവധി നിർബന്ധമാക്കുന്നത് സ്ത്രീകൾക്ക് തിരിച്ചടിയാകുമെന്ന് സുപ്രീംകോടതി. സ്ത്രീകളെ ജോലിക്ക് വയ്‌ക്കാത്ത സാഹചര്യമുണ്ടാകും. വീട്ടിലിരിക്കാൻ പറയുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
വിദ്യാർത്ഥിനികൾക്കുൾപ്പെടെ ആർത്തവ അവധി അനുവദിക്കണമെന്ന പൊതുതാത്പര്യ ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ആർത്തവ അവധിക്ക് നിയമവ്യവസ്ഥയുണ്ടായാൽ സ്ത്രീകളെ ലിംഗപരമായി മാറ്റിനിറുത്താനുള്ള ശ്രമങ്ങൾക്ക് ഊർജ്ജമാകും. ജുഡിഷ്യറിയിലും സർക്കാർ സർവീസിലും അടക്കം ജോലിക്കെടുക്കാൻ സാദ്ധ്യത കുറയും. ഭയം സൃഷ്‌ടിക്കുന്നതിനാണോ ഇത്തരം ഹർജികൾ? ആർത്തവ അവധി അവകാശമാക്കണമെന്ന നിലയിലാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. പക്ഷെ അവധി അനുവദിക്കേണ്ട തൊഴിലുടമയെ കൂടി ചിന്തിക്കണം. ഹർജിക്കാരനായ ശൈലേന്ദ്ര മണി ത്രിപാഠിക്ക് കേന്ദ്രസർക്കാരിനടക്കം നിവേദനം നൽകാവുന്നതാണ്. നയം രൂപീകരിക്കാൻ കഴിയുമോയെന്ന് സർക്കാർ പരിശോധിക്കണമെന്നും ഹർജീ തീർപ്പാക്കിക്കൊണ്ട് സുപ്രീംകോടതി നിരീക്ഷിച്ചു.
കേരള മോഡൽ
സ്വാഗതാർഹം
കേരളമുൾപ്പെട സംസ്ഥാനങ്ങളിൽ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ആർത്തവ അവധി നിലവിലുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു. അത്തരം സ്വമേധയാ ഉള്ള നയങ്ങൾ സ്വാഗതാർഹമാണെന്ന് സുപ്രീംകോടതി പറഞ്ഞു.