ജഡ്‌ജിയുടെ വസതിയിലെ നോട്ടു കൂമ്പാരം: അതിവേഗ വാദംകേൾക്കൽ

Saturday 14 March 2026 4:39 AM IST

ന്യൂ‌ഡൽഹി: ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് യശ്വന്ത് വർമയ്‌ക്കെതിരായ അന്വേഷണത്തിന് വേഗംകൂടി. ആരോപണങ്ങൾ അന്വേഷിക്കുന്ന, ലോക്‌സഭാ സ്‌പീക്ക‌ർ നിയമിച്ച മൂന്നംഗ സമിതി 21 വരെ തുടർച്ചയായ ദിവസങ്ങളിൽ വാദംകേൾക്കും. ഇന്നലെ മുതൽ ജഡ്‌ജിയുടെയും സാക്ഷികളുടെയും അടക്കം മൊഴിയെടുക്കൽ ആരംഭിച്ചുവെന്നാണ് സൂചന. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഇംപീച്ച് നടപടികളിലേക്ക് കടക്കണമോയെന്ന കാര്യം സ്‌പീക്കർ തീരുമാനിക്കുന്നത്. സുപ്രീംകോടതി സിറ്രിംഗ് ജഡ്‌ജി അരവിന്ദ് കുമാർ,ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രശേഖർ,​കർണാടക ഹൈക്കോടതിയിലെ മുതി‌ർന്ന അഭിഭാഷകൻ ബി.വി.ആചാര്യ എന്നിവരാണ് സമിതിയംഗങ്ങൾ. യശ്വന്ത് വർമ്മ ഡൽഹി ഹൈക്കോടതി ജഡ്‌ജിയായിരിക്കെ, 2025 മാർച്ചിലാണ് ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയത്. നിലവിൽ അലഹബാദ് ഹൈക്കോടതി ജഡ്‌ജിയാണ്.