കുടവൂർ പാടശേഖരത്തിൽ കൊയ്ത്ത് യന്ത്രമെത്തി

Saturday 14 March 2026 11:40 PM IST

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ കുടവൂർ പാടശേഖരത്തിൽ കൊയ്ത്ത് യന്ത്രമെത്തി."കരിഞ്ഞുണങ്ങി പാടങ്ങൾ കർഷകർ ദുരിതത്തിൽ" എന്ന തലക്കെട്ടിൽ ഇന്നലെ കേരളകൗമുദിയിൽ വന്ന വാർത്തയെ തുടർന്നാണ്‌ നടപടി. നാവായിക്കുളം സർവീസ് സഹകരണ ബാങ്കിന്റെ കൊയ്ത്തുയന്ത്രമാണ് പാടത്തുള്ളത്. ദിവസങ്ങൾക്കുള്ളിൽ കുടവൂർ പാടശേഖരത്തിലെ മുഴുവൻ ഏലാകളിലും പാകമായ നെല്ലുകൾ കൊയ്തെടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നെല്ല് പാകമായിട്ടും കൊയ്ത്തുയന്ത്രത്തിന്റെ ദൗർലഭ്യവും കൊയ്തെടുക്കാൻ തൊഴിലാളികളെ ലഭിക്കാത്തതും മൂലം കർഷകർ ബുദ്ധിമുട്ടിലായിരുന്നു.പഞ്ചായത്തിനും കൃഷിഭവനും കൊയ്ത്ത് യന്ത്രം ഇല്ലാത്തതിനാൽ യന്ത്രത്തിനായി സ്വകാര്യ വ്യക്തികളെയോ,സർവീസ് സഹകരണ ബാങ്കിനെയോ ആശ്രയിക്കേണ്ടിയിരുന്നു. ഇവിടെ ബുക്ക്‌ ചെയ്താലും സമയത്ത് യന്ത്രം ലഭിക്കില്ലെന്നാണ് കർഷകരുടെ പരാതി. ഇതുമൂലമുള്ള കൃഷി നാശവും കാട്ടുപന്നി ശല്യവും കാരണം കൃഷിയിൽ നിന്ന് പിന്തിരിയാനുള്ള പുറപ്പാടിലായിരുന്നു ഒരു വിഭാഗം കർഷകർ.