അമ്പലപ്പുഴ നാടകശാല സദ്യ ഇന്ന്

Friday 13 March 2026 11:21 PM IST

അമ്പലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഒമ്പതാം ഉത്സവദിനമായ ഇന്ന് ചരിത്രപ്രസിദ്ധമായ നാടകശാല സദ്യ നടക്കും. സദ്യയിൽ പങ്കെടുക്കാൻ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭക്തർ ഉണ്ണിക്കണ്ണന്റെ തിരുസന്നിധിയിലെത്തും.ഭക്തരുടെ സഹകരണത്തോടെ ഉപദേശകസമിതിയുടെ നേതൃത്വത്തിലാണ് നാടകശാലസദ്യ നടക്കുന്നത്.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആചാരപ്പെരുമകളോടെ സദ്യ വിളമ്പിത്തുടങ്ങും. സദ്യ കഴിച്ച് ഭക്തർ വഞ്ചിപ്പാട്ട് പാടി താളത്തിനൊത്ത് ചുവടുവച്ച്, ഊണുകഴിച്ച ഇലകൾ പരസ്പരം വലിച്ചെറിയും. തുടർന്ന് വഞ്ചിപ്പാട്ടു സംഘം ഭഗവദ് കീർത്തനങ്ങൾ താളത്തിൽ പാടി പുത്തൻകുളത്തിൽ പോയി തിരികെ വരുമ്പോൾ ദേവസ്വം അധികൃതരും പൊലീസ് സംഘവും പഴക്കുലയും പണക്കിഴിയും നല്കി സ്വീകരിക്കും. ഇതിന് ശേഷം കിഴക്കേ ആനക്കൊട്ടിലിൽപോയി കീർത്തനങ്ങൾ ചൊല്ലുന്നതോടെ ചടങ്ങുകൾക്ക് സമാപനമാകും. തൂശനിലയിൽ കറികൾ വിളമ്പിയ ശേഷം പ്രത്യേകം ബാരിക്കേഡ് വഴി നിയന്ത്രിച്ചാകും ഭക്തരെ നാടകശാലയിലേക്ക് കടത്തിവിടുക. നാടകശാലസദ്യയ്‌ക്കു ശേഷം ഭക്തർക്ക് പ്രത്യേക സദ്യയും ഒരുക്കും. ശ്രീകൃഷ്ണ ക്ഷേത്ര വികസനട്രസ്റ്റിന്റെ നേതൃത്വത്തിൽ ആനയൂട്ടും നടക്കും. ക്ഷേത്രത്തിനു സ്ഥലം വിട്ടുകൊടുത്ത അമ്പനാട്ടു പണിക്കന്റെ പ്രതിനിധിക്ക് വൈകിട്ട് 5ന് ക്ഷേത്രത്തിൽ സ്വീകരണം നൽകും. രാത്രി 12നാണ് പള്ളിവേട്ട. നാളെ വൈകിട്ട് 5.30 ന് ആറാട്ട് പുറപ്പാട്. 7ന് ഇരട്ടക്കുളങ്ങര മഹാദേവ ക്ഷേത്രത്തിൽ ആറാട്ട്. 8.30 ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്.

41 ഇനം വിഭവങ്ങൾ

നാടകശാലയിൽ 501തൂശനിലകളിൽ 41വിഭവങ്ങളാണ് വിളമ്പുക. ഉപ്പ്, നാലുകൂട്ടം ഉപ്പേരി, ശർക്കരപുരട്ടി, കൽക്കണ്ടം, ഉണക്കമുന്തിരി, മാമ്പഴം, ചക്കപ്പഴം, മുന്തിരി, ഉണ്ണിയപ്പം, പാൽ,പഞ്ചസാര, പഴം, 3 തരം കിച്ചടി, പച്ചടി, 3 കൂട്ടം ഉപ്പിലിട്ടത്, അവിയൽ, കൂട്ടുകറി, തീയൽ, മെഴുക്കുപുരട്ടി, ഓലൻ, തോരൻ, കൊണ്ടാട്ടം, പപ്പടം എന്നിവ വിളമ്പിയ ശേഷം ചോറ് വിളമ്പും. തുടർന്ന് പരിപ്പ്, നെയ്യ്, സാമ്പാർ, കാളൻ എന്നിവ കൂടാതെ 5 കൂട്ടം പായസവും വിളമ്പിയ ശേഷം പച്ചമോരും നൽകും.

ഐതിഹ്യം

കൃഷ്ണ ഭക്തനായ വില്വമംഗലം സ്വാമിയാരും കൃഷ്ണനും തമ്മിലുള്ള ബന്ധമാണ് നാടകശാല സദ്യയ്ക്ക് പിന്നിലെ ഐതിഹ്യം. ഒരിക്കൽ ഒമ്പതാം ഉത്സവദിവസം വില്വമംഗലം സ്വാമി നാടകശാലയിലെത്തിയപ്പോൾ ജീവനക്കാർക്ക് ഒപ്പം ബ്രാഹ്മണബാലന്റെ വേഷത്തിൽ ഭഗവാൻ നെയ്യ് വിളമ്പുന്നതായി കണ്ടു. കണ്ണാ...കണ്ണായെന്ന് വിളിച്ച് വില്വമംഗലം ഓടി എത്തിയപ്പോൾ ബാലൻ പുറത്തേക്ക് ഓടി. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരും ഇല ഉപേക്ഷിച്ച് പുറത്തേക്ക് ഓടിയെന്നാണ് ഐതിഹ്യം